കോവൂര്‍. പാവക്കൂത്തുകളിലെ ഒരു വകഭേദമാണ് തോല്പാവക്കൂത്ത്.തോലുകൊണ്ട് ഉണ്ടാക്കിയ പാവകളാണ് ഈ കൂത്തിന് ഉപയോഗിക്കുന്നത്. തോലുകൊണ്ടുണ്ടാക്കുന്ന പാവകളിൽ നിന്നാണ് തോല്പാവക്കൂത്ത് എന്ന പേരു വന്നത്.
ഇത് ഒരു നിഴൽക്കൂത്താണ്. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ സമാനമായ നിഴൽക്കൂത്ത് നിലവിലുണ്ടെങ്കിലും കേരളത്തിലാണ് ഇവ കൂടുതലായും അവതരിക്കപ്പെടുന്നത്. ഫലത്തിൽ ദ്വിമാനസ്വഭാവമുള്ള മട്ടിലാണ് ഇതിന്റെ പാവകൾ ഉണ്ടാക്കുന്നത്. പാവകളുടെ ചലനത്തിലെ നാടകീയത വർദ്ധിപ്പിക്കാൻ പാവകളിൽ നിറയെ തുളകളും ഇട്ടിരിക്കും. ഇത് നിഴലുകളുടെ ആസ്വാദ്യത കൂട്ടുന്നു.
ഭഗവതിക്ഷേത്രങ്ങളിൽ പ്രത്യേകം തയ്യാറാക്കപ്പെട്ട കൂത്തുമാടങ്ങളിലാണ് തോൽപ്പാവക്കൂത്ത് അരങ്ങേറാറുള്ളത്. ദേവീപ്രീതിയ്ക്കായി നടത്തിവരുന്ന ഈ അനുഷ്ഠാനത്തിനു പുറകിലെ ഒരു ഐതിഹ്യം ഇപ്രകാരമാണ്: പണ്ട് ദേവന്മാർക്കും ഋഷികൾക്കും, മാനവർക്കുമെല്ലാം ശല്യമായ ദാരികൻ എന്ന ഒരു അസുരനുണ്ടായിരുന്നു. ഈ അസുരനെ നിഗ്രഹിക്കുവാനായി പരമശിവൻ തന്റെ കണ്ഠത്തിലെ കാളകൂടവിഷത്തിൽ നിന്നും ഭദ്രകാളിയെ സൃഷ്ടിച്ചു. ഏറെനാൾ നീണ്ടു നിന്ന ഒരു യുദ്ധത്തിനൊടുവിൽ ഭദ്രകാളി ദാരികനെ വധിച്ചു. ദാരികനും കാളിയും തമ്മിൽ യുദ്ധം നടന്ന അതേ സമയത്താണത്രെ രാമ-രാവണയുദ്ധവും നടന്നത്. അതുകൊണ്ട് രാമൻ രാവണനെ നിഗ്രഹിക്കുന്നതു കാണാൻ കാളിയ്ക്ക് സാധിച്ചില്ല. ആ കുറവു നീക്കാനാണത്രേ കൊല്ലം തോറും കാളീക്ഷേത്രങ്ങളിൽ തോൽപ്പാവക്കൂത്ത് നടത്തി വരുന്നത്.
ഭദ്രകാളി ക്ഷേത്രങ്ങൾക്കു സമീപമുള്ള പറമ്പുകളിലാണ് സാധാരണമായി കൂത്തു കഴിക്കുന്നതു്. കൂത്തുമാടം ദക്ഷിണാഭിമുഖമായി തൽക്കാലാവശ്യത്തിന്നു കെട്ടിയുണ്ടാക്കും. മാടത്തിന്റെ നടുവിൽ ഭദ്രകാളി സന്നിധാനം ചെയ്യുന്നതായാണു് സങ്കല്പം. രാമാദിപ്രതിബിംബങ്ങളായ പാവകളുടെ സ്ഥാനം വലത്തുഭാഗത്തും രാവണാദികളുടേതു് ഇടത്തുഭാഗത്തുമാണ്.
കേരളത്തിൽ വള്ളുവനാട്ടിലും പരിസരപ്രദേശങ്ങളിലുമുള്ള ദേവീക്ഷേത്രങ്ങളിലാണ് ഇത് നടത്തിവരുന്നത്. മാൻ തോലുകൊണ്ട് രാമായണം കഥയിലെ എല്ലാ കഥാപാത്രങ്ങളുടേയും പാവകൾ ഉണ്ടാക്കുന്നു. തോൽപ്പാവക്കൂത്ത് വളരെ അപൂർവ്വം ക്ഷേത്രങ്ങളിലെ ഇപ്പോൾ കണ്ടുവരാറുള്ളൂ. വള്ളുവനാട്ടിലെ എല്ലാ പ്രധാന ദേവീക്ഷേത്രങ്ങളിലും കൂത്തുമാടങ്ങൾ ഉണ്ട്.
തോൽപ്പാവക്കൂത്തിന്റെ പ്രമേയം പ്രധാനമായും ജനനം മുതൽ പട്ടാഭിഷേകം വരെയുള്ള രാമായണകഥയാണ്. ഇത് മുഖ്യമായും കമ്പരാമായണത്തെ ആസ്പദമാക്കിയാണ്. കൂത്തിനുവേണ്ടി 21 ഭാഗങ്ങളാക്കി തിരിച്ചിട്ടുള്ള ഇതിനെ 21 ദിവസങ്ങളിലായാണ് ആടുന്നത്. ഗദ്യത്തിലും പദ്യത്തിലുമായി രചിക്കപ്പെട്ടിട്ടുള്ള ഈ 21 ഭാഗങ്ങളെ ആടിപ്പറ്റ് എന്നാണ് വിളിക്കുന്നത്. ചെന്തമിഴും മലയാളവും കലർന്ന ‘ആടിപ്പറ്റാ’ണ് കഥാസന്ദർഭം വിവരിക്കുന്ന പിൻപാട്ട്. ആടിപറ്റിൽ 2500 ശ്ലോകങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിൽ ചില പദ്യങ്ങൾ കമ്പരാമായണത്തിൽ ഇല്ലാത്തതാണ്. ചിലേടത്ത് കമ്പരുടെ തന്നെ കവിതകളുടെ പാഠഭേദവും കാണാൻ കഴിയും. കൂത്തിന് അനുകൂലമായ രീതിയിൽ ഇത്തരം കൂട്ടിച്ചേർക്കലുകൾ നടത്തിയിരിക്കുന്നത് പാവക്കൂത്ത് കലാകാരന്മാർ തന്നെയാണ് . ഇത്തരത്തിൽ ചേർത്തിരിക്കുന്ന പദ്യങ്ങൾ അധികവും തമിഴ്ഭാഷയിലാണ് എഴുതപ്പെട്ടിട്ടുള്ളത്.
തെക്കൻ കേരളത്തിൽ അപൂർവമായി മാത്രം നടത്താറുള്ള തോൽപ്പാവക്കുത്ത് , കോവൂർ ശ്രീ പണ്ടാരവിള മൂർത്തി ക്ഷേത്രത്തിലെ ഉച്ചാര മഹോത്സവത്തോടനുബന്ധിച്ച് 2024 ഫെബ്രുവരി 1 ശനിയാഴ്ച്ച രാത്രി 7 മണി മുതലാണ് അരങ്ങേറുന്നത്. നിഴൽ മാന്ത്രികൻ പത്മശ്രീ രാമചന്ദ്ര പുലവരും സംഘവവുമാണ് തോൽപ്പാവക്കൂത്ത് അവതരിപ്പിക്കുന്നത്