ആയിരങ്ങള്‍ക്ക് കണ്ണിന് ആനന്ദവും കാതിന് ഇമ്പവും പകര്‍ന്ന് ആനയടി ഗജമേള

Advertisement

ആനപ്രേമത്തിന്‍റെ കൂച്ചുവിലങ്ങുവീണ ചങ്കുമായി ആരാധകവൃന്ദം

ശൂരനാട്. ആയിരങ്ങള്‍ക്ക് കണ്ണിന് ആനന്ദവും കാതിന് ഇമ്പവും പകര്‍ന്ന് ആനയടി ഗജമേള. ആനയടിയുടെ ഗ്രാമാന്തരങ്ങളിലെ താല്‍ക്കാലിക ആനത്തറികളില്‍ നിന്നും ആവേശത്തിന്റെ കൊമ്പും കുഴലുമായി എഴുന്നള്ളി എത്തിയ കരിവീരന്മാര്‍ വെയില്‍ ചാഞ്ഞതോടെ ഗ്രാമ പ്രദക്ഷിണത്തിനിറങ്ങി. വരിവരിയായി നീങ്ങിയ ഗജ വീരന്മാര്‍ക്കു മുമ്പേ മേളക്കാരും പിമ്പേ ആനക്കമ്പക്കാരും കരക്കാരും നീങ്ങി പുരുഷാരം തിങ്ങിയ ആനയടി വയലില്‍ ആനകള്‍ എത്തിയപ്പോഴേക്കും വെട്ടം മങ്ങി.അന്തിവെയിലില്‍ നിരന്ന ഗജകേസരികളുടെ ചന്തവും വമ്പും കണ്ട് ആരാധക വൃന്ദം നിലകൊണ്ടു. ജനസാഗരത്തില്‍ ഓളമുയര്‍ത്തി.

പഴയിടം നരസിംഹസ്വാമിയുടെ തിടമ്പേറ്റുന്ന ആനയടി ദേവസ്വത്തിൻ്റെ അപ്പു,തൃക്കടവൂർ ശിവരാജു,പാമ്പാടി രാജൻ,ഗുരുവായൂർ നന്ദൻ,ഈരാറ്റുപേട്ട അയ്യപ്പൻ, പാറന്നൂർ നന്ദൻ, പട്ടാമ്പി മണികണ്ഠൻ,തിരുവാറാട്ടുകാവ് കാളിദാസൻ, വേണാട് ആദി കേശവൻ, കടേക്കച്ചാൽ ഗണേശൻ, മൗട്ടത്ത് രാജേന്ദ്രൻ,പേരൂർ ശിവൻ, ഗുരുവായൂർ ഇന്ദ്രസെൻ, അമ്പാടി ബാലനാരായണൻ,പുതുപ്പളളി സാധു, ഗുരുവായൂർ ഗോകുൽ, ആക്കാവിള വിഷ്ണുനാരായണൻ,മീനാട് വിനായകൻ,കീഴൂട്ട് വിശ്വനാഥൻ, കീഴൂട്ട് ശ്രീകണ്ഠൻ, പരിമണം വിഷ്ണു,അക്കരമേൽ ശേഖരൻ,വേമ്പനാട് അർജുനൻ, ഉണ്ണിമങ്ങാട് ഗണപതി ഉൾപ്പെടെയുള്ള പ്രമുഖ ഗജകേസരികളടക്കം അറുപതോളം ആനകളാണ് ഗജമേളയില്‍ നിരന്നത്. ഇടയും മെയ്യും വച്ച് ഗജവീരന്മാര്‍ നിലകൊണ്ടപ്പോള്‍ കൂച്ചുവിലങ്ങുവീണത് ആരാധകരുടെ ചങ്കിനാണ്.

ആനയടിയിലെ അയോധ്യ,ഛത്രപതി,തോമയിൽക്കൂട്ടം, നരഹരി, ധർമ്മരക്ഷ,ഭക്തപ്രഹ്ളാദൻ, നരസിംഹപ്രിയ, യുവജന സമിതി,കുതിര സംഘം, ചിഞ്ചിലം ബ്രദേഴ്സ്,ശ്രീകൃഷ്ണസേന തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് ഗജശ്രേഷ്ഠന്മാരെ എത്തിച്ചത്.തെങ്ങമം ജയവിജന്മാരും അജിത്ത് കൽഹാരവും 40ൽപ്പരം വാദ്യകലാകാരന്മാരും അവതരിപ്പിച്ച പാണ്ടിമേളം ഗജമേളയിൽ കാതിന് കുളിര്‍മഴയായി പെയ്തിറങ്ങി. ഗജമേള ആസ്വദിക്കാനും വിവിധ ആന ഫാൻസുകളും വിദേശികളടക്കം പതിനായിരങ്ങൾ ആനയടി വയലിലേക്ക് ഒഴുകിയെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here