ശാസ്താംകോട്ട:ആനചന്തത്തിന്റെ അഴക് വിടർത്തി ആനയടിയിൽ നടന്ന ഗജമേള നയനാനന്ദകരമായി.ആനയടി പഴയിടം നരസിംഹസ്വാമി ക്ഷേത്രത്തിലെ തിരുത്സവത്തിന് സമാപനം കുറിച്ച് നടന്ന ഗജമേള സായന്തന സൂര്യനെ സാക്ഷിയാക്കി വൈകിട്ട് അഞ്ചോടെയാണ് ആരംഭിച്ചത്.ക്ഷേത്രത്തിനു സമീപത്തെ വിശാലമായ വയൽപരപ്പിൽ അർദ്ധചന്ദ്രാകൃതിയിലാണ് ഗജമേളയ്ക്കായി ആനകൾ അണിനിരന്നത്.ആനയടി ദേവസ്വം അപ്പുവും തൃക്കടവൂർ ശിവരാജുവും പാമ്പാടി രാജനും ഈരാറ്റുപേട്ട അയ്യപ്പനും ഗുരുവായൂർ നന്ദനും
ഉൾപ്പെടെ കേരളത്തിലെ പ്രമുഖ ഗജശ്രേഷ്ഠരോടൊപ്പം നേർച്ചയായി എഴുന്നെള്ളിച്ച ഗജവീരന്മാരും അണിനിരന്നു.തലയെടുപ്പോടെ അറുപതോളം കരിവീരന്മാർ ആനയടി ഗ്രാമത്തിന് ആനച്ചന്തത്തിന്റെ
അഴക് വിടർത്തി നിരന്നു.നരസിംഹ പ്രിയൻ ആനയടി അപ്പു ദേവന്റെ തിടമ്പേറ്റി.കത്തിക്കാളുന്ന മകരച്ചൂടിനെ അവഗണിച്ച് പകൽ മൂന്ന് മുതൽ വിദേശികൾ ഉൾപ്പെടെ ആയിരങ്ങളാണ് പൂര നഗരിയിലേക്ക് ഒഴുകിയെത്തിയത്.തെങ്ങമം ജയവിജയന്മാരും അജിത് കൽഹാരവും 40 ൽപ്പരം വാദ്യകലാകാരന്മാരും അവതരിപ്പിച്ച പാണ്ടിമേളം
ഗജമേളയ്ക്ക് ഭക്തിസാന്ദ്രമായ നാദതാള വിസ്മയം പകർന്നു.ഉത്സവത്തിന് സമാപനം കുറിച്ച് വൈകിട്ട് നടന്ന ദേവന്റെ ഗ്രാമ പ്രദക്ഷിണവും കെട്ടുകാഴ്ച മഹോത്സവവും ഭക്തിനിർഭരമായി.