കരുനാഗപ്പള്ളി: കരുനാഗപ്പള്ളി റയിൽവേ സ്റ്റേഷന് കിഴക്കുഭാഗം വാഹനങ്ങൾക്ക് പാർക്കിംഗ് ഗ്രൗണ്ട് ആക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് തൊടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തൊടിയൂർ വിജയൻ കെ.സി.വേണുഗോപാൽ എം.പി ക്ക് നിവേദനം നൽകി.കരുനാഗപ്പള്ളി റയിൽവേ ലൈനിനു കിഴക്കുഭാഗത്ത് ഇടക്കുളങ്ങര റെയിൽവേ ഗേറ്റു മുതൽ വടക്കോട്ട് പഴയ ബ്ലോക്ക് ഓഫീസ് ജംഗ്ഷൻ വരെയുള്ള ഏതാണ്ട് രണ്ട് എക്കറോളം വരുന്ന റെയിൽവേയുടെ സ്ഥലം പാഴ്മരങ്ങളും കാട്ടുചെടികളും വളർന്ന് കാടിനു സമമായി കിടക്കുകയാണ്.
ഈ ഭാഗം വെട്ടിത്തെളിച്ച് തൊടിയൂർ, തഴവ, ശൂരനാട് നോർത്ത്, സൗത്ത് എന്നീ പ്രദേശങ്ങളിൽ നിന്നും വരുന്ന യാത്രക്കാർക്ക് ഇടക്കുളങ്ങര റെയിൽവേ ഗേറ്റ് കടക്കാതെ വാഹനം പാർക്ക് ചെയ്യുന്നതിനും മറ്റും സൗകര്യമൊരുക്കാവുന്നതാണ്.
ഇപ്പോൾ റയിൽവേ സ്റ്റേഷന് കിഴക്കുവശമുള്ള റോഡിന്റെ ഇരുവശവും യാത്രക്കാർ കാറും ടുവീലറുകളും പാർക്ക് ചെയ്തിരിക്കുന്നതിനാൽ വാഹനക്കുരുക്കുണ്ടായി ഗതാഗത സ്തംഭനം നിത്യ സംഭവമാണ്.
ഇക്കാര്യത്തിൽ എം.പി. ദക്ഷിണ മേഖലാ റയിൽവേ അധികൃതരുമായി ഇടപെട്ട് വേണ്ട നടപടി സ്വീകരിക്കാമെന്ന് തൊടിയൂർ വിജയന് ഉറപ്പ് നൽകി.