ഗാന്ധിയൻ ദർശനങ്ങളെ പോലും ഭരണകൂടം ഭയപ്പെടുന്നു, സി ആർ മഹേഷ്‌ എം എൽ എ

Advertisement

കരുനാഗപ്പള്ളി :ഗാന്ധിയൻ ദർശനങ്ങളെയും സ്മാരകങ്ങളെയും തകർക്കുവാൻ ബോധപൂർവ്വമായ ശ്രമം രാജ്യത്തിനകത്തുനിന്നും ഉണ്ടാകുമ്പോൾ ലോകജനത ഗാന്ധിയൻ മൂല്യങ്ങൾ ഏറ്റെടുക്കുന്നത് ആശാവഹമാണ്.ഗാന്ധിയൻ ദർശനങ്ങളെ പോലും ഭരണകൂടം ഭയപ്പെടുന്നു എന്ന് സി. ആർ. മഹേഷ്‌ എം എൽ എ അഭിപ്രായപ്പെട്ടു. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ, സബർമതി ഗ്രന്ഥശാല എന്നിവയുടെ ആഭിമുഖ്യത്തിൽ ടൗൺ എൽ. പി സ്കൂളിൽ സംഘടിപ്പിച്ച രക്തസാക്ഷ്യം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത്മിഷ അധ്യക്ഷനായിരുന്നു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി.സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീകുമാരി.കെ, എസ്.എം.സി ചെയർമാൻ പ്രവീൺ മനക്കൽ, പള്ളിക്കലാർ സംരക്ഷണ സമിതി സെക്രട്ടറി ജി. മഞ്ജുകുട്ടൻ, സബർമതി ഗ്രന്ഥശാല സെക്രട്ടറി വി.ആർ. ഹരികൃഷ്ണൻ, കൗൺസിൽ ഭാരവാഹികളായ ആദിത്യ സന്തോഷ്‌, ആദിൽ നിസാർ എന്നിവർ പ്രസംഗിച്ചു. ഇതോടനുബന്ധിച്ച് ഗാന്ധിജി ജീവചരിത്ര ചിത്രപ്രദർശനവും സംഘടിപ്പിച്ചു. മഹാത്മജിയുടെ ജീവിതത്തിലെ അവിസ്മരണീയമായ 125 ചിത്രങ്ങളാണ് പ്രദർശനത്തിന് ഒരുക്കിയിരുന്നത്.ജില്ലാ തലത്തിൽ നടത്തിയ പ്രശ്നോത്തരിയിൽ മൈനാഗപ്പള്ളി ചിത്തിരവിലാസം യു. പി സ്കൂളിലെ ഹിത.എച്ച്. എസ്സ് ഒന്നാം സ്ഥാനവും കുലശേഖരപുരം ജി. ഡബ്ല്യൂ. എൽ. പി. എസ്സിലെ ഋഷി സുരേഷ് രണ്ടാം സ്ഥാനവും കുഴിത്തുറ ജി. എഫ്. എച്ച്. എസ്സ് എസ്സിലെ ഹേമന്ത് ഉഷാർ മൂന്നാം സ്ഥാനവും നേടി.

Advertisement