ശൂരനാട്: ചക്കുവള്ളി ഒസ്താമുക്കില്‍ ചായക്കട നടത്തി വന്നിരുന്ന സുധീറി(44)നെ കുത്തി കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം. കന്യാകുമാരി മാര്‍ത്താണ്ഡം സ്വദേശിയായ വര്‍ഗീസിനെ (44) ആണ് ജീവപര്യന്തം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയടയ്ക്കാനും വിധിച്ചു കൊണ്ട് കൊല്ലം ഫസ്റ്റ് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് പി.എന്‍. വിനോദ് ഉത്തരവിട്ടത്.
കന്യാകുമാരിയില്‍ നിന്ന് റബര്‍ ടാപ്പിംഗ് ജോലി ചെയ്യാനായി ഒസ്താമുക്കിന് സമീപമുള്ള അയന്തിവയലില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന പ്രതി കൊല്ലപ്പെട്ട സുധീറിന്റെ ചായക്കടയിലെ സ്ഥിരം പറ്റുക്കാരനുമായിരുന്നു. ചായ കഴിച്ച വകയില്‍ 200 രൂപ പ്രതി കൊടുക്കാനുണ്ടായിരുന്നു.
2017 ഡിസംബര്‍ 27ന് വൈകിട്ട് കടയുടെ മുന്നില്‍ വച്ച് സുധീര്‍ വര്‍ഗീസിനോട് പറ്റ് പൈസ ചോദിച്ചിരുന്നു. പിന്നീട് സുധീര്‍ വര്‍ഗീസിന്റെ വീട്ടിലെത്തിയും പൈസ ചോദിച്ചതിനെ തുടര്‍ന്ന് അവിടെ വച്ച് റബര്‍ ടാപ്പിംഗ് കത്തി കൊണ്ട് സുധീറിന്റെ വയറ്റില്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു. പ്രതിയോടൊപ്പം താമസിച്ചിരുന്ന തമിഴ്നാട്ടുകാരനായ രാജന്‍ എന്നയാള്‍ സംഭവം കണ്ടിരുന്നുവെങ്കിലും അയാള്‍ കോടതിയില്‍ പ്രതിക്ക് അനുകൂലമായി കൂറുമാറിയിരുന്നു. കുത്ത് കൊണ്ട് ‘വര്‍ഗീസ് എന്നെ കുത്തി’ എന്ന് നിലവിളിച്ചു കൊണ്ട് ഓടിയത് കണ്ട അയല്‍വാസിയായ സ്ത്രീയുടെ മൊഴി നിര്‍ണ്ണായക തെളിവായി. സംഭവം അറിഞ്ഞ് ഓടിയെത്തിയ സുധീറിന്റെ സഹോദരിയോടും അടുത്ത കടയിലെ ആളോടും ആംബുലന്‍സില്‍ കൂടെപോയയാളോടും ‘വര്‍ഗീസ് എന്നെ കുത്തി’ യെന്ന് പറഞ്ഞതും നിര്‍ണ്ണായകമായ മരണമൊഴിയാണെന്ന് കണ്ടെത്തിയാണ് കോടതി പ്രതിയെ ശിക്ഷിച്ചത്.
ശൂരനാട് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വി. സതീഷ് കുമാര്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടര്‍ വി.എസ്. പ്രശാന്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സിസിന്‍. ജി.മുണ്ടയ്ക്കല്‍ ഹാജരായി. പ്രോസിക്യൂഷന്‍ സഹായിയായി പ്രവര്‍ത്തിച്ചത് അടക ദീപ്തിയായിരുന്നു.