കൊല്ലം: പട്ടാപ്പകല്‍ തയ്യല്‍ മെഷീനും മോട്ടോറും മോഷ്ടിച്ച പ്രതി പിടിയില്‍. കടപ്പാക്കട ജനയുഗം നഗര്‍ 69ല്‍ അമീര്‍ ഹാജ (25) ആണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിലായത്. ജനുവരി ഏഴിന് ഉളിയകോവില്‍ കോതേത്ത് ക്ഷേത്രത്തിന് സമീപം സ്‌നേഹ നഗറില്‍ പ്രവര്‍ത്തിച്ചുവന്ന തയ്യല്‍ കടയുടെ നടത്തിപ്പുകാരി കുട്ടികളെ സ്‌കൂളില്‍ നിന്നും വിളിക്കാനായി കടയുടെ ഗ്ലാസ് ഡോര്‍ അടച്ച് പുറത്തുപോയ സമയം അതുവഴി വന്ന പ്രതി കടയുടെ തിണ്ണയില്‍ ഇരിക്കുന്ന തയ്യല്‍ മെഷീന്റെ കുതിരയും മോട്ടോറും മോഷ്ടിക്കുകയായിരുന്നു. സമീപത്തുള്ള സിസിടിവികള്‍ പരിശോധിച്ച കൊല്ലം ഈസ്റ്റ് പോലീസ് വെള്ളിയാഴ്ച ഉച്ചയോടെ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.