കരുനാഗപ്പള്ളി : രാജ്യാന്തര തണ്ണീർത്തട ദിനത്തിൽ
പള്ളിക്കലാറിന്റെ കൈവഴികൾ ശുചീകരിച്ച് കേരള യൂത്ത് പ്രമോഷൻ കൗൺസിൽ പ്രവർത്തകർ.പാരിസ്ഥിതിക സംതുലനത്തിൽ തണ്ണീർത്തടങ്ങൾ നിർവ്വഹിക്കുന്ന ധർമങ്ങൾ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും ജലശുചീകരണം, വെള്ളപ്പൊക്കനിയന്ത്രണം, തീരസംരക്ഷണം എന്നിവ ഉറപ്പാക്കുവാനുമുള്ള ബോധവൽക്കരണ പരിപാടിയുടെ ഭാഗമായാണ് സബർമതി ഗ്രന്ഥശാലയുടെ സഹകരണത്തോടെ പള്ളിക്കലാറിന്റെ കൈവഴികൾ ശുചീകരിച്ചത്.
ആധുനികകാലത്ത് തണ്ണീർത്തടങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതിനാശം മറ്റേത് ആവാസ വ്യവസ്ഥയിലേതിനെക്കാളും വളരെക്കൂടുതലാണെന്ന് കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത്മിഷ അഭിപ്രായപ്പെട്ടു. രാജ്യാന്തര തണ്ണീർത്തട ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.എല്ലാ ജീവജാലങ്ങളുടെയും നിലനില്പിനും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും തണ്ണീർത്തടങ്ങൾ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും സുമൻജിത്ത്മിഷ പറഞ്ഞു.”നമ്മുടെ പൊതു ഭാവിക്കായി തണ്ണീർത്തടങ്ങളെ സംരക്ഷിക്കുക” എന്ന മുദ്രാവാക്യവുമായി നടന്ന പരിപാടിയിൽ സംസ്ഥാന പാഠപുസ്തക സമിതി അംഗം സുധീർഗുരുകുലം തണ്ണീർത്തടത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. കൗൺസിൽ സംസ്ഥാന നിർവാഹക സമിതി അംഗം ശബരീനാഥ്. എച്ച്, ജില്ലാ ഉപസമിതി കൺവീനർ മുഹമ്മദ് സലിംഖാൻ,സബർമതി ഗ്രന്ഥശാല സെക്രട്ടറി വി. ആർ.ഹരികൃഷ്ണൻ,ഭാരവാഹികളായ സുനിൽ പൂമുറ്റം,ഗോപൻ ചക്കാലയിൽ,അലൻ. എസ്,മഹേഷ്കൃഷ്ണ, സുലൈമാൻ എന്നിവർ നേതൃത്വം നൽകി.