കൊല്ലം: യുവാവിനെ സോഡാ കുപ്പി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച
പ്രതി പോലീസിന്റെ പിടിയിലായി. ഓച്ചിറ പായിക്കുഴി ത്രീ റോസസ് ഹൗസില്‍ ബെല്ലാ എന്ന ആരീസ് മുഹമ്മദ്(40) ആണ് ഓച്ചിറ പോലീസിന്റെ പിടിയിലായത്. തര്‍ക്കത്തെ തുടര്‍ന്ന് കായംകുളം പുതുപ്പള്ളി സ്വദേശി നവാസ്(37) നെയാണ് ഇയാള്‍ സോഡാ കുപ്പികൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
ഞായറാഴ്ച രാത്രി പതിനൊന്നരയോടെ ഓച്ചിറ രാഗം ജംഗ്ഷനിലുള്ള കടയില്‍ എത്തിയ ആരീസ് മുഹമ്മദ് കടയില്‍ ഇരുന്ന ഒരു സോഡാകുപ്പി എറിഞ്ഞ് ഉടച്ചു. ഇത് സമീപത്ത് നില്‍ക്കുകയായിരുന്ന നവാസ് ചോദ്യം ചെയ്തു. ഈ വിരോധത്തില്‍ പൊട്ടിച്ച സോഡാ കുപ്പിയുമായി പ്രതി നവാസിനെ ആക്രമിക്കുകയായിരുന്നു.
അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണത്തില്‍ നവാസിന്റെ നെറ്റിയിലും കഴുത്തിലും കുത്തേല്‍ക്കുകയായിരുന്നു. നവാസിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യ്ത് അന്വേഷണം നടത്തിയ ഓച്ചിറ പോലീസ് പ്രതിയായ ആരീസ് മുഹമ്മദിനെ പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു.