പുനലൂരിലെ ഇരട്ട കൊലപാതകം; വിചാരണ നാളെ മുതല്‍

Advertisement

കൊല്ലം: പുനലൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയോട് ചേര്‍ന്ന് മലയോര ഹൈവേയില്‍ വെട്ടിപ്പുഴ തോട്ട് പുറമ്പോക്കില്‍ കുടില്‍കെട്ടി താമസിച്ചിരുന്ന രണ്ടുപേര്‍ കൊല്ലപ്പെട്ട കേസിലെ വിചാരണ നാളെ മുതല്‍ കൊല്ലം ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കൊടതി ജഡ്ജ് പി.എന്‍ വിനോദ് മുമ്പാകെ ആരംഭിക്കും.
വെട്ടിപ്പുഴ തോട് പുറമ്പോക്കില്‍ താമസിച്ചു വന്നിരുന്ന ഇന്ദിര (56), പത്തനാപുരം സ്വദേശി ബാബു (60) എന്നിവരാണ് കൊല്ലപ്പെട്ടത്. കേസില്‍ തമിഴ്നാട് സ്വദേശിയായ ശങ്കറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
2023 ഏപ്രില്‍ 18ന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 21ന് രാവിലെയാണ് വിവരം പുറത്തറിയുന്നത്. 2021-ല്‍ പൂയപ്പള്ളി മരുതമണ്‍ പള്ളിയില്‍ പറയില്‍ ചരുവിളവീട്ടില്‍ ശാന്തയെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ തടവില്‍ കഴിഞ്ഞ് വരികയായിരുന്ന പ്രതി ഏപ്രില്‍ 18ന് രാവിലെയാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. രാത്രിയോടെ മുന്‍പരിചയമുള്ള ഇന്ദിരയുടെ കുടിലിലേക്ക് എത്തിയ പ്രതി മദ്യം വാങ്ങിപ്പിക്കുകയും അവരുമായി ഒരുമിച്ചിരുന്ന് മദ്യപിക്കുകയും ചെയ്തു. ഈ സമയം ബാബുവും കുടിലില്‍ ഉണ്ടായിരുന്നു. മദ്യപാനത്തിനിടെ പ്രതി ഇന്ദിരയെ കടന്ന് പിടിച്ചു, എതിര്‍ത്തതിനെത്തുടര്‍ന്ന് ഇവരെ ചവിട്ടി തറയിലിടുകയും അരകല്ല് കൊണ്ട് തലയിലിടിക്കുകുയും ചെയ്തു. ഇവിടേക്ക് എത്തിയ ബാബുവിന്റെ തലയില്‍ ഇയാള്‍ ഇന്റര്‍ലോക്ക് കട്ടകൊണ്ട് അടിക്കുകയും ചെയ്തു. ഇരുവരുടേയും മരണം ഉറപ്പാക്കിയ ശേഷം പ്രതി കടന്നുകളഞ്ഞു. കൊലപാതകം നടന്ന് 2 ദിവസത്തിന് ശേഷം ദുര്‍ഗന്ധം ഉയര്‍ന്നതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ആണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
പുനലൂര്‍ പോലീസ് എസ്‌ഐ ജി. ഹരീഷ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്പെക്ടര്‍ ടി. രാജേഷ്‌കുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ ആകെ 48 പ്രോസിക്യൂഷന്‍ സാക്ഷികളും 51-ഓളം രേഖകള്‍ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ സിസിന്‍.ജി. മുണ്ടക്കല്‍ ഹാജരാകും. പ്രതിക്കു വേണ്ടി ചവറ പ്രവീണ്‍കുമാറും ഹാജരാകും.

Advertisement