കുന്നത്തൂർ:കുന്നത്തൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ മാടൻനടയ്ക്ക് സമീപം
നായ്ക്കളുടെ കൂട്ട ആക്രമണത്തിൽ വീട്ടമ്മയ്ക്കും യുവതിക്കും ഗുരുതര പരിക്ക്.കുന്നത്തൂർ പടിഞ്ഞാറ് വള്ളിവിള ഇടപ്പുരയിൽ ലതി (54),കൊല്ലായിൽ പടിഞ്ഞാറ്റതിൽ നീതു (28) എന്നിവർക്കാണ് കടിയേറ്റത്.ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇരുവരെയും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അഞ്ചോളം നായ്ക്കൾ മകനെ ആക്രമിക്കുന്നതു കണ്ട് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിലാണ് ലതിക്ക് കടിയേറ്റത്.കാലിലും ഇടത് തോളിലുമടക്കം ആഴത്തിൽ മുറിവേറ്റു.ലതിയെ നായ കടിച്ചത് അറിഞ്ഞെത്തിയപ്പോഴാണ് നായക്കൂട്ടം നീതുവിനെ ആക്രമിച്ചത്.പ്രദേശവാസികളായ നിരവധി പേർക്ക് അടുത്തിടെ നായ്ക്കളുടെ കടിയേറ്റിരുന്നുവത്രേ.സമീപത്തെ ഒരു വീട്ടിൽ തെരുവ് നായ്ക്കൾ അടക്കമുള്ളവയെ ഭക്ഷണം കൊടുത്ത് വളർത്തുന്നുണ്ടെന്നും ഇവയാണ് നിരന്തരമായി പ്രദേശവാസികളെ ആക്രമിക്കുന്നതെന്നും പരാതിയുണ്ട്.പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്ത് അധികൃതർക്ക് ഭീമഹർജി നൽകി.