കരുനാഗപ്പള്ളി: തൊടിയൂർ ഗ്രാമപഞ്ചായത്തിൽ അയണിക്കാട്ട് ക്ഷേത്രത്തിന് തെക്കു ഭാഗത്ത് വാർഡ് 10 ൽ ആര്യൻ പാടത്തെ വയലിൽ രാത്രികാലങ്ങളിൽ അറവുശാലാമാലിന്യം തള്ളിയ വാഹനം പോലീസും പഞ്ചായത്ത് അധികൃതരും ചേർന്ന് പിടിച്ചെടുത്ത് കേസ് ഫയൽ ചെയ്തു. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന അറവുശാലകളിലെ മാലിന്യങ്ങളാണ് പിടിച്ചെടുത്തത്. രാത്രിസമയങ്ങളിൽ ഇത്തരം മാലിന്യങ്ങൾ തള്ളുന്നത് പതിവായതോടെ പഞ്ചായത്തിൻ്റെ വിവിധ സ്ഥലങ്ങളിൽ രഹസ്യ ക്യാമറകൾ സ്ഥാപിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തൊടിയൂർ വിജയൻ, പഞ്ചായത്ത് സെക്രട്ടറി, വാർഡ് മെമ്പർ ഷബ്ന ജവാദ് , പഞ്ചായത്ത് ഉദ്യോഗസ്ഥർ, പോലീസ് ഉദ്യോഗസ്ഥർ, പാടശേഖര സമിതി സെക്രട്ടറി എസ്. ഉണ്ണികൃഷ്ണപിള്ള, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം പിടിച്ചെടുത്തത്.
ലൈസൻസില്ലാത്ത അറവുശാലകൾക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി സി. ഡമാസ്റ്റനും മാലിന്യം തള്ളുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു വിജയകുമാറും അറിയിച്ചു.