കൊല്ലം: സാധാരണക്കാരായ ജീവനക്കാരെ വരുമാന നികുതിയിൽ കരുതലോടെ പരിഗണിച്ച കേന്ദ്ര ബജറ്റിന് പിന്നാലെ ഇടിത്തി വീണത് പോലെയാണ് സംസ്ഥാന ബജറ്റ് എന്ന് ദേശീയ അധ്യാപക പരിഷത്ത് കൊല്ലം ജില്ലാ സമിതി.
സാധാരണക്കാരായ ജീവനക്കാരുടെയും അധ്യാപകരുടെയും 2019 മുതലുള്ള ശമ്പള പരിഷ്കരണത്തിന്റെ യാതൊരു ആനുകൂല്യങ്ങളെ കുറിച്ചും ബജറ്റിൽ പരാമർശിച്ചിട്ടില്ല. ജീവനക്കാരുടെ 19 ശതമാനം ക്ഷാമബത്ത കുടിശ്ശികയെ കുറിച്ചോ, 2019 മുതലുള്ള ശമ്പള പരിഷ്കരണ കുടിശ്ശികയെ കുറിച്ചോ ഒരു നിർദ്ദേശങ്ങളോ പരാമർശങ്ങളോ ബജറ്റിൽ ഇല്ല. ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പരിഷ്കരണമോ ഭവന വായ്പ പദ്ധതിയെ കുറിച്ചോ ബജറ്റിൽ നിർദ്ദേശങ്ങൾ ഇല്ല.
നിലവിൽ ശമ്പളപരിഷ്കരണം നടപ്പാക്കേണ്ട തീയതി 2024 ജൂലൈ ആണെന്നിരിക്കെ അതേക്കുറിച്ച് പഠിക്കാനായി ഒരു കമ്മീഷനെ പോലും നിയമിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ബജറ്റിൽ ഇല്ല.
കേന്ദ്ര ഗവൺമെന്റ് വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ കുട്ടികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ പോലും നഷ്ടപ്പെടുത്തുന്ന തരത്തിലേക്ക് മുഖം തിരിഞ്ഞു നിൽക്കുന്ന സർക്കാർ ആണ് മുന്നോട്ടുപോകുന്നത്. അടൽ ടിങ്കറിങ് ലാബുകൾ, പിഎം ശ്രീ പദ്ധതി,കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പരിപാടി,സ്റ്റാർസ് പദ്ധതി തുടങ്ങി ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടു വച്ചിട്ടുള്ള പദ്ധതികളോടെല്ലാം രാഷ്ട്രീയ വേർതിരിവ് കാണിക്കുക എന്നതാണ് ഈ സർക്കാരിന്റെ നയം.
അധ്യാപകരെയും ജീവനക്കാരെയും വഞ്ചിക്കുന്ന ഈ ബജറ്റിനെതിരെ ദേശീയ അധ്യാപക പരിഷ ത്തിന്റെ ശക്തമായ പ്രതിഷേധം കൊല്ലം ജില്ലാ സമിതി രേഖപ്പെടുത്തി.
എൻ ഡി യു ജില്ലാ പ്രസിഡൻ്റ്
എസ് കെ ദിലീപ് കുമാർ യോഗം ഉൽഘാടനം ചെയ്തു.
ജില്ല സെക്രട്ടറി എ അനിൽകുമാർ അധ്യക്ഷത വഹിച്ചു. ടി ജെ ഹരികുമാർ, ആർക്കന്നൂർ രാജേഷ്, ആർ ഹരികൃഷ്ണൻ, ധനലക്ഷ്മി വിരിയറഴികത്ത്, കെ ആർ സന്ധ്യാ കുമാരി, ശ്രീജിത്ത് പി എസ്, ആർ ജയകൃഷ്ണൻ, ആർ ശിവൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.