സൈനികന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പോലീസിനെതിരെ ഗുരുതര ആരോപണവുമായി മാതാവ് രംഗത്ത്

Advertisement

കൊല്ലം: സൈനികന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പോലീസിനെതിരെ ഗുരുതര ആരോപണവുമായി മാതാവ് രംഗത്ത്. പൊലീസിന്റെ ക്രൂരമായ മര്‍ദനമാണ് മകന്റെ മരണകാരണമെന്ന് ആരോപിച്ചാണ് മാതാവ് രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ 27നാണ് കുണ്ടറ പെരുമ്പുഴ സാജന്‍ കോട്ടേജില്‍ തോംസണ്‍ തങ്കച്ചന്‍ (32) മരിച്ചത്.
ലോക്കപ്പ് മര്‍ദനമാണ് മരണകാരണമെന്ന് ആരോപിച്ച് മാതാവ് ഡെയ്‌സിമോള്‍ രംഗത്തുവന്നു. തോംസന്റെ ഭാര്യയുമായുള്ള കുടുംബപ്രശ്‌നം കാരണം അവരുടെ വീട്ടുകാര്‍ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത് കുണ്ടറ പൊലീസ് ലോക്കപ്പില്‍ മര്‍ദിച്ചുവെന്നും അതിലുണ്ടായ ആന്തരിക ക്ഷതമാണ് മരണത്തിലേക്ക് നയിച്ചതെന്നും ഡെയ്‌സി പറയുന്നു. 2024 ആഗസ്റ്റിലാണ് തോംസണ്‍ ലീവില്‍ വന്നത്. ഭാര്യവീട്ടിലായിരുന്നു താമസം. ഒക്‌ടോബര്‍ 10ന് രാത്രി ഭാര്യയുമായി വഴക്കുണ്ടായി, പിറ്റേന്ന് ഭാര്യ വീട്ടുകാര്‍ മര്‍ദിച്ചതായും സ്ത്രീധന പീഡന പരാതി നല്‍കിയതായും മാതാവ് പറഞ്ഞു.
അന്ന് രാത്രി പഞ്ചായത്ത് പ്രസിഡന്റിന്റെ സഹായത്തോടെ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രിയില്‍ കൈകളിലും, കാലുകളിലും വിലങ്ങിട്ട് ക്രൂരമായ മര്‍ദനമാണ് നടത്തിയതെന്ന് മകന്‍ പറഞ്ഞിരുന്നു. സൈനികനെ കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ കൈകൊള്ളേണ്ട നടപടികള്‍ പാലിക്കാത്തതടക്കം ഇക്കാര്യത്തില്‍ നിയമപരമായി സൈനിക നേതൃത്വവുമായി ബന്ധപ്പെട്ടശേഷം നടപടി സ്വീകരിക്കുമെന്നും മകന്‍ പിന്നീട് പറഞ്ഞിരുന്നു. റിമാന്‍ഡ് ചെയ്ത് കൊല്ലം സബ് ജയിലിലാക്കി ആറുദിവസം കഴിഞ്ഞാണ് ആര്‍മി കമാന്‍ഡറെ പൊലീസ് അറസ്റ്റ് വിവരം അറിയിക്കുന്നത്. ഒക്‌ടോബര്‍ 19ന് തോംസണ്‍ ജാമ്യത്തില്‍ ഇറങ്ങി. ഭാര്യവീട്ടുകാരാണ് ജാമ്യത്തിലിറക്കിയത്. പിന്നീട് 15 ദിവസത്തിനുശേഷം നവംബര്‍ ഏഴിന് പൊലീസ് ഡ്രൈവറാണ് ഓട്ടോയില്‍ വീട്ടില്‍ കൊണ്ടുവിട്ടത്. അവശനിലയിലായിരുന്ന മകനെ നവംബര്‍ ഒമ്പതിന് കുണ്ടറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് എല്‍എംഎസ് ആശുപത്രിയിലേക്ക് മാറ്റി.
13ന് കൊല്ലം മെഡിസിറ്റി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. മര്‍ദനത്തെ തുടര്‍ന്ന് നട്ടെല്ലിന്റെ കീഴ്ഭാഗത്തുണ്ടായ മുഴ ശസ്ത്രക്രിയയിലൂടെ നീക്കി. ഒരാഴ്ചക്ക് ശേഷം ഡിസ്ചാര്‍ജീയി വീട്ടില്‍ എത്തിയ മകന്‍ ഡിസംബര്‍ 27നാണ് മരിച്ചത്. മരിച്ചുപോകുമെന്ന് കരുതാത്തതിനാല്‍ മകന്‍ തന്നില്‍ നിന്ന് പലതും മറച്ചുവെച്ചതിനാല്‍ ജാമ്യത്തിലിറങ്ങിയശേഷം എന്തു സംഭവിച്ചു എന്നതടക്കം ദുരൂഹതകള്‍ നീങ്ങാനുണ്ടന്നും ഡെയ്‌സി പറഞ്ഞു. ആന്തരിക ക്ഷതവും തലക്കുപിന്നിലെ മുറിവും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പെരുമ്പുഴ ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍ സൈനിക ബഹുമതികളോടെയാണ് മൃതദേഹം സംസ്‌കരിച്ചത്.
ഭാര്യയും വീട്ടുകാരും സംസ്‌കാര ചടങ്ങിനു വന്നില്ല. ഉന്നത തല അന്വേഷണം ആവശ്യപെട്ട് മുഖ്യമന്ത്രിക്കും പൊലീസിലെ ഉന്നതര്‍ക്കും പരാതി നല്‍കിയതായും ഡെയ്‌സി പറഞ്ഞു. അഭിഭാഷകരായ സാഗര്‍ റഹീം, നൗഷിദ എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

Advertisement