ശാസ്താംകോട്ട:ശൂരനാട്ട് ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളായ അയൽവാസികൾക്ക് ഹൈക്കോടതിയിൽ നിന്നും ജാമ്യം കിട്ടും വരെ പൊലീസ് അറസ്റ്റ് വൈകിപ്പിക്കുന്നതായി ആരോപണം.ഇതിനെതിരെ ശക്തമായ സമരപരിപാടികൾ ആരംഭിക്കുവാൻ കോൺഗ്രസ് ശൂരനാട് വടക്ക് മണ്ഡലം കമ്മിറ്റികൾ തീരുമാനിച്ചു.ശൂരനാട് വടക്ക് പടിഞ്ഞാറ്റ കിഴക്ക് അമൃതയിൽ ബിജു(53) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് പ്രതികളെ സംരക്ഷിക്കുന്ന നിലപാടുമായി പൊലീസ് നിലകൊള്ളുന്നത്.ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തംഗം ശ്രീലക്ഷമിയുടെ ഭർത്താവും വിമുക്തഭടനുമായ ബിജുവിനെ കഴിഞ്ഞ മാസം മൂന്നിനാണ് ഓച്ചിറയ്ക്കടുത്ത് ചങ്ങൻകുളങ്ങര ലെവൽക്രോസിൽ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.സൈനിക സേവനത്തിനു ശേഷം നാട്ടിൽ മടങ്ങിയെത്തിയ ബിജുവിൽ നിന്നും വലിയൊരു തുക പോസ്റ്റ് ഓഫീസ് നിക്ഷേപത്തിൻ്റെ പേരിൽ അയൽവീട്ടുകാർ വാങ്ങിയിരുന്നു.എന്നാൽ ആർ.ഡി ഏജൻ്റായ സ്ത്രീ പണം പോസ്റ്റ് ഓഫീസിൽ നിക്ഷേപിച്ചിരുന്നില്ല.പിന്നീട്
പണം തിരികെ ചോദിച്ച ബിജുവിനെ സിപിഎം പ്രാദേശിക നേതാവായ ഈ സ്ത്രീയും മകനും ചേർന്ന് നിരവധി തവണ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചതായി കുടുംബം പറയുന്നു.വ്യക്തിഹത്യ ചെയ്യുന്നതും പതിവായിരുന്നു.ബിജു ആത്മഹത്യ ചെയ്യുന്നതിൻ്റെ തലേ ദിവസം ഭാര്യയുടെയും മകളുടെയും മുമ്പിൽ വച്ച് സിപിഎം വനിതാ നേതാവിൻ്റെ മകൻ ക്രൂരമായി മർദ്ദിച്ച് അവശനാക്കുകയും ഭരണ സ്വാധീനം ഉപയോഗിച്ച് കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.തുടർന്നുണ്ടായ മാനസിക സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം.ബിജു എഴുതിയ ആത്മഹത്യാ കുറിപ്പിൽ സിപിഎം നേതാവിൻ്റെ പീഡനം മൂലമാണ് ആത്മഹത്യയെന്ന് പേര് സഹിതം വെളിപ്പെടുത്തിയിരുന്നു.എന്നാൽ ശൂരനാട് പൊലീസിനു മുന്നിൽ ആത്മഹത്യാ കുറിപ്പ് തെളിവായി ലഭിച്ചിട്ടും ആരോപണ വിധേയ’രെ ചോദ്യം ചെയ്യാൻ പോലും തയ്യാറായില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഭരണസ്വാധീനത്തിനു വഴങ്ങിയാണ് അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാകാത്തതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.