അഞ്ചലില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്; ഇടമുളയ്ക്കല്‍ സ്വദേശിയുടെ 14 ലക്ഷം തട്ടിയെടുത്തവര്‍ പിടിയില്‍

Advertisement

അഞ്ചല്‍: ഓണ്‍ലൈന്‍ ട്രേഡിങ് ബിസിനസ് വഴി പണം സമ്പാദിക്കാം എന്ന വ്യാജേന അഞ്ചല്‍ ഇടമുളയ്ക്കല്‍ സ്വദേശിയില്‍ നിന്ന് 14 ലക്ഷം തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശി ഷംനാസ് (39), ഇടുക്കി സ്വദേശി ലിജോ (37) എന്നിവരെയാണ് അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഹെയിസ് ബര്‍ഗ് ഡയമണ്ട് എന്ന കമ്പനിയുടെ പേരില്‍ ഓണ്‍ലൈന്‍ ട്രേഡിങ് വ്യാപാരത്തിലൂടെ പണം നേടാം എന്ന് തെറ്റിദ്ധരിപ്പിച്ചാണ് പലപ്പോഴായി പണം തട്ടിയത്. തട്ടിയെടുത്ത പണം ഇപ്പോള്‍ പിടിയിലായ രണ്ടുപേരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ ഷംനാസ് സിനിമ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നയാളാണ്. ഓണ്‍ലൈന്‍ ആപ്പ് വഴി ആദ്യം ചെറിയ തുകകള്‍ നല്കി ബിസിനസില്‍ ചേര്‍ക്കുകയും ഇത് കൃത്യമായി തിരികെ നല്കുകയും ചെയ്തു വിശ്വാസം നേടിയെടുത്ത ശേഷം വലിയ തുക നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയാണ് സംഘം ചെയ്യുന്നത്. പലരും തട്ടിപ്പ് മനസിലാക്കി വരുമ്പോഴേക്കും വലിയ തുകകള്‍ സംഘത്തിന് നല്‍കിയിട്ടുണ്ടാകും.
കേസില്‍ ഇനിയും പ്രതികള്‍ പിടിയിലാകാനുണ്ട്. തട്ടിപ്പ് നടത്തി സമ്പാദിക്കുന്ന പണം സിനിമ മേഖലയിലേക്ക് എത്തിയതയുള്ള വിവരമാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ ആളുകള്‍ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു. ഓണ്‍ലൈന്‍ തട്ടിപ്പിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. അഞ്ചല്‍ എസ്എച്ച്ഒ ഹരീഷ്, എസ്‌ഐ പ്രജീഷ്‌കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ വിനോദ്കുമാര്‍, അനില്‍കുമാര്‍, അബീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Advertisement