കൊല്ലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ശേഷം ഒളിവില്‍ കഴിഞ്ഞു വന്ന പ്രതി പോലീസിന്റെ പിടിയിലായി. കൊല്ലം, എറണാകുളം എന്നീ ജില്ലകളില്‍ എസ്പിഎസ് അസ്സോസിയേറ്റ് എന്ന സ്ഥാപനം ആരംഭിച്ച ശേഷം ഈ സ്ഥാപനത്തിന്റെ മറവില്‍ കേരളത്തിലെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പല ആളുകളില്‍ നിന്നും വിദേശ രാജ്യമായ പോളണ്ടില്‍ ജോലിയ്ക്കായി വിസാ ശരിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്ത ശേഷം ഒളിവില്‍ കഴിഞ്ഞ് വന്ന ചവറ പുതുക്കാട് താന്നിമ്മൂടിന് സമീപം കളഭം വീട്ടില്‍ നിന്നും ചവറ ചെറുശ്ശേരി ഭാഗം ടോം വില്ലയില്‍ വാടകയ്ക്ക് താമസിക്കുന്ന മധു.വി.എസ്(40) ആണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്.
ശക്തികുളങ്ങര പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വിസ തട്ടിപ്പ് കേസ്സിലെ മുഖ്യപ്രതിയായ കടപ്പാക്കട സ്വദേശി ഡെന്നി രാജനെ പോലീസ് പിടികൂടിയത് അറിഞ്ഞ് ഇയാള്‍ ഇതര സംസ്ഥാനത്തേയ്ക്ക് കടക്കുകയായിരുന്നു. രഹസ്യമായി ഒളിവില്‍ താമസിച്ചു വന്ന പ്രതിയെ പറ്റി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശക്തികുളങ്ങര പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കെതിരെ കൊല്ലം സിറ്റിയിലെ ചവറ, ഇരവിപുരം എന്നീ സ്റ്റേഷനില്‍ കേസുകള്‍ നിലവിലുണ്ട്.