ശൂരനാട്:ശൂരനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാർ ഇല്ലാത്തതിനാൽ രോഗികൾ വലയുന്നു.സ്ത്രീകളും കുട്ടികളുമടക്കം ദിവസവും നൂറുകണക്കിന് രോഗികളാണ് ചികിത്സ തേടി ഇവിടെയെത്തുന്നത്.എന്നാൽ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതിനാൽ മണിക്കൂറുകളോളം കാത്തു നിന്ന ശേഷം രോഗികൾ മടങ്ങുകയാണ്.ശൂരനാട് സി.എച്ച്.സി യിൽ മെഡിക്കൽ ഓഫീസർ ഉൾപ്പെടെ 6 ഡോക്ടർമാരാണ് ഉണ്ടായിരുന്നത്.എന്നാൽ ഇന്ന് ഒ.പി യിൽ ഉൾപ്പെടെ ഒരു ഡോക്ടർ മാത്രമാണ് ഉണ്ടായിരുന്നത്.മെഡിക്കൽ ഓഫീസർ സ്ഥലം മാറിപ്പോയിട്ടും പകരം നിയമനം നടന്നിട്ടില്ല.വേനൽക്കാലമായതിനാൽ പനി ഉൾപ്പെടെയുള്ള രോഗങ്ങൾ പിടിപ്പെട്ടാണ് രോഗികൾ ചികിത്സയ്ക്കായി എത്തുന്നത്.ശൂരനാട്,പാവുമ്പ,ആനയടി മേഖലയിലെ സാധാരണക്കാരാണ് കൂടുതലായും ചികിത്സ തേടിയെത്തുന്നത്.അതിനിടെ ഡോക്ടർമാരുടെ കുറവ് മൂലം രോഗികൾ ദുരിതത്തിലായ സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി.അടിയിന്തിരമായി പ്രശ്നപരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് കോൺഗ്രസ് ശൂരനാട് മണ്ഡലം പ്രസിഡൻ്റ് ആർ.നളിനാക്ഷൻ മുന്നറിയിപ്പ് നൽകി.