ഭരണിക്കാവിലെ ട്രാഫിക് സിഗ്നൽ ലൈറ്റുകളിൽ മിന്നിതിളങ്ങി പരസ്യബോർഡുകൾ;അപകടങ്ങൾക്ക് സാധ്യതയേറെ

Advertisement

ശാസ്താംകോട്ട:കുന്നത്തൂർ താലൂക്കിൻ്റെ സിരാകേന്ദ്രവും രണ്ട് ദേശീയ പാതകൾ കടന്നു പോകുന്നതുമായ തിരക്കേറിയ ഭരണിക്കാവ് ടൗണിലെ സിഗ്നൽ ലൈറ്റുകളിൽ സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോർഡുകൾ അപകട ഭീഷണിയാകുന്നു.കഴിഞ്ഞ ദിവസമാണ് സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യബോർഡുകൾ സിഗ്നൽ ലൈറ്റുകളോട് ചേർന്ന് സ്ഥാപിച്ചത്.സന്ധ്യയാകുന്നതോടെ ബോർഡുകളിലെ ലൈറ്റുകൾ ആരെയും ആകർഷിക്കും വിധത്തിൽ പല നിറങ്ങളിൽ പ്രകാശിക്കും.രാത്രികാലങ്ങളിൽ പ്രഭാവം കൂടുതൽ ദൃശ്യമാകുന്ന തരത്തിൽ ഉയർന്ന പ്രകാശമുള്ള ലൈറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്.ഡ്രൈവർമാരുടെയും യാത്രക്കാരുടെയും ശ്രദ്ധ പൂർണമായും ഈ പരസ്യ ലൈറ്റ് ബോർഡുകളിലേക്ക് മാറുമെന്ന കാര്യത്തിൽ തർക്കമില്ല.ഇത് വലിയ അപകടങ്ങളിലേക്കും ദുരന്തങ്ങളിലേക്കും എത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

പരസ്യ ബോർഡുകളുടെ പ്രകാശത്താൽ സിഗ്നൽ ലൈറ്റുകൾ മറഞ്ഞു പോകുന്നതായി പരാതിയുണ്ട്. സമീപവാസികളും യാത്രക്കാരും പരാതിപ്പെടുന്നു. രാത്രിയിലാണ് ഇതിന്റെ പ്രഭാവം കൂടുതൽ ദൃശ്യമായിട്ടുള്ളത്, കാരണം ഉയർന്ന പ്രകാശമുള്ള ഈ ബോർഡുകൾ സിഗ്നൽ ലൈറ്റുകളുടെ വ്യക്തത കുറയ്ക്കുന്നു.നാല് പ്രധാന റൂട്ടുകളിലും ടൗണിൻ്റെ മധ്യത്തായുള്ള ട്രാഫിക് ഐലൻഡിലും ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.ശാസ്താംകോട്ട,
ചക്കുവള്ളി ഭാഗങ്ങളിൽ നിന്നും ടൗണിലേക്ക് പ്രവേശിക്കുമ്പോൾ മധ്യഭാഗത്ത് അല്പം ഉയർച്ചയുള്ളതിനാൽ ഡ്രൈവർമാരുടെ ശ്രദ്ധ ബോർഡുകളിൽ വേഗം പതിയാനിടയുണ്ട്.എന്നാൽ പൊതു സ്ഥലങ്ങളിൽ പരസ്യബോർഡുകൾ അടക്കം അത്തരത്തിലുള്ള യാതൊന്നും സ്ഥാപിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കുമ്പോഴാണ് അതിനെയെല്ലാം വെല്ലുവിളിച്ച് അധികൃതർ തന്നെ നിയമ ലംഘനം നടത്തുന്നത്.അതിനിടെ ഭരണിക്കാവിലെ ട്രാഫിക് ലൈറ്റ് സംവിധാനം പരിഷ്ക്കരിക്കാനും ഓരോ സ്ഥലത്തേക്കുമുള്ള സമയം കൂട്ടുന്നതിനും അനധീകൃത പാർക്കിങിനെതിരെ നടപടി സ്വീകരിക്കുമെന്നും താലൂക്ക് വികസനസമിതിയിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ നേതൃത്വത്തിൽ തീരുമാനം എടുത്തിരുന്നെങ്കിലും ഒന്നു പോലും നടപ്പാക്കിയിട്ടില്ലെന്നും ആക്ഷേപമുണ്ട്.

1 COMMENT

  1. ഞമ്മക്ക് തുട്ട്.. മതി… ബാക്കിയോക്കെ.. ആൻ്റെ
    കടമയാ.. അനക്ക് സുരക്ഷ വേണോ.. അത് നീ നോക്കണം..

LEAVE A REPLY

Please enter your comment!
Please enter your name here