ചവറ കെ.എം.എം.എല്‍ പരിസരത്തെ മലിനീകരിക്കപ്പെട്ട ചിറ്റൂര്‍ ഭൂമി ഉള്‍പ്പെടെ ഏകദേശം 70ഏക്കര്‍ ഭൂമി നെഗോഷിബിള്‍ പര്‍ച്ചേസ് മുഖാന്തിരം ഏറ്റെടുക്കുവാന്‍ കഴിയുമെന്ന് ധനകാര്യവകുപ്പ് മന്ത്രി ബഡ്ജറ്റിന്‍റെ ചര്‍ച്ചയ്ക്കുളള മറുപടിയില്‍ വ്യക്തമാക്കി.
തിരുവനന്തപുരം, കൊല്ലം, പുനലൂര്‍ കോറിഡോറിന്‍റെ ഭാഗമായി ലോജിസ്റ്റിക്ക്പാര്‍ക്ക് ഉള്‍പ്പെടെയുളള ആവശ്യത്തിനായി ഭൂമിഏറ്റെടുക്കാന്‍ കഴിയുമെന്നും മന്ത്രി മറുപടിയില്‍ പറഞ്ഞു.
ഡോ. സുജിത് വിജയന്‍പിളള എംഎല്‍എ ബഡ്ജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് കെഎംഎംഎല്‍ന്‍റെ പരിസരത്തുളള ചിറ്റൂര്‍, കളരി, പൊന്മന പ്രദേശത്തെ മലിനീകരിക്കപ്പെട്ട ഭൂമി ഏറ്റെടുത്ത് ലോജിസ്റ്റിക്ക് പാര്‍ക്ക് പോലുളള ആവശ്യത്തിന് വിനിയോഗിക്കണമെന്ന നിര്‍ദ്ദേശത്തിനാണ് ധനകാര്യവകുപ്പ്മന്ത്രി മറുപടി പറഞ്ഞത്.
വാട്ടര്‍ അതോറിറ്റി സ്ഥാപിച്ചിട്ടുളള കാലപ്പഴക്കമുളള പൈപ്പുകളും പാലങ്ങളും മാറ്റി സ്ഥാപിക്കും – ജലവിഭവവകുപ്പ്മന്ത്രി
കേരള വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണ സംവിധാനത്തിലുണ്ടാകുന്ന തകരാറുകള്‍ പരിഹരിക്കാന്‍ കാലപ്പഴക്കം ചെന്ന പൈപ്പുകളും, പൈപ്പുകള്‍ വഹിക്കുന്ന പാലങ്ങളും, സ്റ്റേറ്റ് പ്ലാന്‍, അമൃത്, ജലജീവന്‍മിഷന്‍, കിഫ്ബി തുടങ്ങിയ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയും റണ്ണിംഗ് കോണ്‍ട്രാക്റ്റ്, ബ്ലൂ ബ്രിഗേഡ് സംവിധാനം തുടങ്ങിയവ വഴിയും അതിവേഗത്തില്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി വരുന്നതായി ജലവിഭവവകുപ്പ്മന്ത്രി റോഷി അഗസ്റ്റിന്‍ ഡോ. സുജിത് വിജയന്‍പിളള എംഎല്‍എ ജലവിതരണത്തില്‍ ഇടയ്ക്കുണ്ടാകുന്ന മുടക്കം സംബന്ധിച്ച് നിയമസഭയിലുന്നയിച്ച സബ്മിഷന് മറുപടിയായി പറഞ്ഞു.
ശാസ്താംകോട്ട ജലശുദ്ധീകരണശാലയില്‍ നിന്നും നീണ്ടകരയിലേക്കും കൊല്ലം കോര്‍പ്പറേഷന്‍ പരിധിയിലേക്കും വെളളമെത്തിക്കുന്നതിന് 750എംഎം കാസ്റ്റ് അയേണ്‍ പൈപ്പലൈനും പാലവും ചവറയില്‍ തകര്‍ന്നുവീണത് 10 ദിവസം കൊണ്ട് യുദ്ധകാലാടിസ്ഥാനത്തില്‍ രാപകലില്ലാതെ പ്രവര്‍ത്തിച്ച് പുനഃസ്ഥാപിച്ചു. ഒരുമാസം കൊണ്ട് പൂര്‍ത്തീകരിക്കേണ്ട ജോലി 10 ദിവസം കൊണ്ടാണ് പരിഹരിച്ചത്.
ശാസ്താംകോട്ടയില്‍നിന്നും കൊല്ലത്തേക്ക് ശുദ്ധജലമെത്തിക്കുന്ന പൈപ്പ്ലൈന്‍ ഉള്‍പ്പെടെ ദേശീയപാതയില്‍ സ്ഥാപിക്കാനുളള എസ്റ്റിമേറ്റ് ദേശീയപാത അതോറിറ്റിക്ക് 2021 ല്‍ കേരള വാട്ടര്‍ അതോറിറ്റി നല്‍കിയിട്ടുളളതാണ്. ഇതിന്‍റെ പ്രവൃത്തികള്‍ പുരോഗമിച്ചുവരുന്നുവെങ്കിലും ചവറ ടി.എസ് കനാല്‍ ഭാഗത്ത് ഈ ജോലി ആരംഭിച്ചിരുന്നില്ല.
ദേശീയപാത അതോറിറ്റി യൂട്ടിലിറ്റി ഷിഫ്റ്റിംഗ് പ്രവൃത്തി പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് എല്ലാ പൈപ്പ്ലൈനുകളും വശങ്ങളില്‍ മാറ്റി സ്ഥാപിക്കുന്നതാണെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.