കൊല്ലം : ഭർത്താവിനൊപ്പം സഞ്ചരിക്കുന്നതിനിടെ സ്കൂട്ടർ പാഴ്സൽ ലോറിയുമായി കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുണ്ടറ പെരുമ്പുഴ പുനക്കന്നൂർ അരുൺ നിവാസിൽ ബിജുകുമാറിന്റെ ഭാര്യ സുധയാണ് (51) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെയായിരുന്നു അപകടം. രണ്ടാം കുറ്റി കോയിക്കൽ ജംഗ്ഷനിൽ കിളികൊല്ലൂരിലേക്കു പോകുന്ന ഭാഗത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തിന് തൊട്ടുമുന്നിലാണ് അപകടം ഉണ്ടായത്. കൊല്ലത്ത് നിന്ന് വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങി തിരികെ മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. സ്കൂട്ടറിന് പിന്നിൽ എത്തിയ പാഴ്സൽ ലോറി സ്കൂട്ടറിനെ മറികടക്കുന്നതിനിടെ സ്കൂട്ടറിൽ തട്ടുകയായിരുന്നു. നിയന്ത്രണം തെറ്റി മറിഞ്ഞ സ്കൂട്ടറിൽ നിന്ന് ലോറിക്കടിയിലേക്ക് വീണ സുധയുടെ കഴുത്തിലൂടെ പിൻചക്രം കയറി ഇറങ്ങി തൽക്ഷണം മരണം സംഭവിക്കുകയായിരുന്നു. റോഡരികിലേക്ക് വീണതിനാൽ ബിജുകുമാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവം ശേഷം നിറുത്തതെ പോയ വാഹനത്തെയും ഡ്രൈവറെയും പിന്നീട് കിളികൊല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. സുധയുടെ മൃതദ്ദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം നാളെ. മക്കൾ: അരുൺ, അനു. മരുമകൻ അനന്തു.