ശാസ്താംകോട്ട. തടാകദുരന്തത്തിന്‍റെ ജീവിച്ചിരുന്ന രക്തസാക്ഷിയാണ് വിടപറയുന്നത്. വേങ്ങ വിജയഭവനത്തില്‍ മാര്‍ഗ്രറ്റ് സൈമണ്‍ എന്ന ഗ്രറ്റ് ഓര്‍മ്മയാകുമ്പോള്‍ എല്ലാവരുമോര്‍ക്കുന്നത് തടാക ദുരന്തത്തില്‍ പെട്ടവരെ രക്ഷിക്കാനെത്തി സ്വയം ബലിനല്‍കിയ ഭര്‍ത്താവ് സൈമണിനെ. 1982ജനുവരി 16ന് ആയിരുന്നു ശാസ്താംകോട്ട അമ്പലക്കടവിലും പടിഞ്ഞാറേകല്ലട വെട്ടോലിക്കടവിനും മധ്യേ തടാകത്തില്‍ തോണിയപകടം നടത്. 24 ജീവനുകളാണ് അന്ന് പൊലിഞ്ഞത്. നിറയെ ആള്‍ക്കാരുമായി ശാസ്താംകോട്ട നിന്നും വെട്ടോലിക്കടവിനു തിരിച്ച കടത്തുവള്ളം മകരക്കാറ്റില്‍ ആടി ഉലഞ്ഞു മുങ്ങുന്നത് കണ്ട് ജീവന്‍ രക്ഷിക്കാനെത്തിയ തായിരുന്നു സൈമണ്‍ പീറ്റര്‍. ബീഡിത്തൊഴിലാളിയായ സൈമണ്‍ ശാസ്താംകോട്ട ആഴ്ച ചന്തയിലേക്ക് പോകാനായി കടവിലെത്തിയതായിരുന്നു. നടുക്കായലിലെ നിലവിളികേട്ട് സൈമണ്‍ അടക്കം ചിലര്‍ തോണിയുമായി തുഴഞ്ഞ് മുങ്ങുന്നവര്‍ക്ക് അരികിലെത്തിഎന്നാല്‍ അവര്‍ ജീവഭയത്തോടെ വള്ളത്തിലേക്ക് കയറാന്‍ ശ്രമിച്ചതോടെ ആ വള്ളവും മുങ്ങി.നല്ല നീന്തല്‍ക്കാരനായിരുന്ന സൈമണ്‍ ചിലരെ കരയിലെത്തിച്ചു വീണ്ടും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ ആരുടെയോ മരണപ്പിടിയില്‍ പെടുകയായിരുന്നുവെന്ന് അന്ന് സംഭവത്തിന് സാക്ഷികളായവര്‍ പറയുന്നു. സൈമണിന്‍റെ ശരീരം കിട്ടിയത് മൂന്നാം ദിനമാണ്. നേവിയുടെ മുങ്ങല്‍ വിദഗ്ധരെത്തിയിട്ടും ഐസുറഞ്ഞപോലുള്ള തടാകത്തിന്‍റെ അടിത്തട്ടിലെത്തിയവരുടെ ശരീരം വീണ്ടെടുക്കാനായിരുന്നില്ല.
മാര്‍ഗ്രറ്റിന് പിന്നീട് ഭര്‍ത്താവിന്‍റെ പേരിലുള്ള രാഷ്ട്രപതിയുടെ ജീവന്‍രക്ഷാ പതക്കം ലഭിച്ചു. മല്‍സ്യവില്‍പ്പനക്കാരിയായിരുന്ന മാര്‍ഗ്രറ്റ് ഏറെ കഷ്ടപ്പെട്ടാണ് തുടര്‍ ജീവിതം നയിച്ചത്. പില്‍ക്കാലത്ത് മൽസ്യത്തൊഴിലാളി യേശുദാസനെ വിവാഹം കഴിച്ച് വേങ്ങയില്‍ താമസമാക്കി. യേശുദാസിന്‍റെ മരണത്തോടെ ബന്ധുക്കളുടെ സംരക്ഷണയിലും പിന്നീട്കൊടുവിള സഞ്ജീവനി ഓള്‍ഡ് ഏജ് ഹോമിലേക്കും മാറി. ഇന്ന് വേങ്ങയില്‍ ജ്യേഷ്ഠത്തി വിമലയുടെ വീട്ടില്‍ പൊതു ദര്‍ശനത്തിനുശേഷം വൈകിട്ട് മൂന്നരക്ക് പട്ടകടവ് സെന്‍റ് ആന്‍ഡ്രൂസ് പള്ളിയില്‍ സംസ്കാരം നടക്കും.