കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തക്കേസില്‍ പ്രതികളായി മരിച്ചവരുടെ മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കോടതി നിര്‍ദേശം. 14 പ്രതികള്‍ മരിച്ചിട്ടുണ്ട്. ഇവരുടെ മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് കൊല്ലം നാലാം അഡിഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി എസ്. സുഭാഷ് നിദേശിച്ചത്. ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ 12 പ്രതികള്‍ അവധിക്ക് അപേക്ഷ നല്‍കി. കേസില്‍ ആകെ 59 പ്രതികളാണ് ഉള്ളത്. അവധിക്ക് അപേക്ഷിച്ചവര്‍ ഒഴികെ ബാക്കിയുള്ള എല്ലാ പ്രതികളും ഇന്നലെ ഹാജരായി.
30-ാം പ്രതി അടൂര്‍ ഏറം സ്വദേശി അനുരാജിനെ വാറണ്ടില്‍ ലഭിച്ചിട്ടില്ല. ഇയാള്‍ക്ക് എതിരേ വാറണ്ട് ഇപ്പോഴും നിലനില്‍ക്കുകയാണ്. ഇയാള്‍ക്ക് വേണ്ടി കോടതിയില്‍ ജാമ്യം നിന്നവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാളെ കോടതിയില്‍ ഹാജരാക്കുന്നതിന് അഭിഭാഷകന്‍ സാവകാശം ആവശ്യപ്പെട്ടു. കേസ് മാര്‍ച്ച് ഒന്നിന് വീണ്ടും പരിഗണിക്കും. പ്രോസിക്യൂഷന് വേണ്ടി അഭിഭാഷകരായ കെ.പി. ജബ്ബാര്‍, അമ്പിളി ജബ്ബാര്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി.
2016 ഏപ്രില്‍ പത്തിനാണ് പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്ര പരിസരത്ത് വെടിക്കെട്ട് ദുരന്തം ഉണ്ടായത്. സ്‌ഫോടനത്തില്‍ 110 പേര്‍ മരിക്കുകയും 656 പേര്‍ക്ക് പരിക്കേല്‍ക്കകുയം ചെയ്തു.