ശാസ്താംകോട്ട:തെക്കൻ കേരളത്തിലെ ഏറ്റവും വലിയ പകൽപ്പൂരമായ കുമരംചിറ കെട്ടുകാഴ്ച്ച വർണ വിസ്മയമായി.നാടിൻ്റെ നാനാഭാഗങ്ങളിൽ നിന്നുമെത്തിയ ആയിരങ്ങളുടെ കണ്ണുകൾക്കും മനസിനും കുളിർമ പകരുന്ന നയനന്ദകരമായ കാഴ്ച്ചകളാണ് സമ്മാനിച്ചത്.

ശൂരനാട് തെക്ക് കുമരംചിറ ദേവി ക്ഷേത്രത്തിലെ തിരുവുത്സവത്തിൻ്റെ സമാപനത്തിൻ്റെ ഭാഗമായാണ് ഗംഭീര കെട്ടുകാഴ്ച്ച നടന്നത്.വിവിധങ്ങളായ ഫ്ളോട്ടുകൾ അടക്കം നൂറുകണക്കിന് കെട്ടുകാഴ്ചകളാണ് അണിനിരന്നത്.

ഇതു തന്നെയായിരുന്നു പ്രധാന ആകർഷണം.സന്ധ്യയോടെ ക്ഷേത്രത്തിന് താഴെയുള്ള വിശാലമായ എലായിൽ പ്രത്യേകം നിശ്ചയിച്ചിട്ടുള്ള പന്തിയിൽ സ്ഥാനം പിടിച്ച കെട്ടുകാഴ്ചകൾ പ്രൗഢഗംഭീരമായിരുന്നു.

ഭഗവതിയുടെ ഉടവാളേന്തിയ ഊരാളി കെട്ടുകാഴ്ച കണ്ടതിനു ശേഷം കെട്ടുകാഴ്ചകൾ ക്ഷേത്രത്തിലേക്ക് എത്തിച്ച് വലം വെച്ച് മടങ്ങി.ജീവതയിൽ ഉത്സവ പറമ്പിലെ കളത്തട്ടിൽ ഉത്സവം കാണാനിരിക്കുന്ന ദേവി പുലർച്ചെ തിരികെ മടങ്ങുന്നതോടെ ഈ വർഷത്തെ ഉത്സവം സമാപിക്കും.