കരുനാഗപ്പള്ളി. കേരളത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള എല്ലാ റോഡുകളും ബിഎംബിസി നിലവാരത്തിലേക്ക് ഉയർത്തി നിർമ്മിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചു. സർക്കാർ അധികാരമേൽക്കുമ്പോൾ 30 ശതമാനം റോഡുകൾ മാത്രമാണ് ബി എം ബി സി നിലവാരത്തിൽ ഉണ്ടായിരുന്നത്. ഇപ്പോൾ പൊതുമരാമത്ത് വകുപ്പിന്റെ എല്ലാ റോഡ് നിർമ്മാണവും ബിഎംബിസി തരത്തിൽ ആണെന്നുംഘട്ടം ഘട്ടമായി 100% റോഡും ഇത്തരത്തിലുള്ള നിർമിതിയിലാക്കുമെന്നും മന്ത്രി അറിയിച്ചു. കേരള സർക്കാർ പൊതുമരാമത്ത് വകുപ്പ് 1.25 കോടി രൂപ വിനിയോഗിച്ച് കരുനാഗപ്പള്ളി ലാലാജി മുക്ക് പഴയ ദേശീയപാത- കന്നേറ്റി റോഡിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സി ആർ മഹേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ പടിപ്പുര ലത്തീഫ്, വൈസ് ചെയർ പേഴ്സൺ ഷഹനാ നസീം, സ്ഥിരം സമിതി അധ്യക്ഷൻ മാരായ റെജി ഫോട്ടോ പാർക്ക്, മഹേഷ് ജയരാജ് എം ശോഭന ഡോ.പി മീന, കൗൺസിലർമാരായ കോട്ടയിൽ രാജു, ശാലിനി രാജീവൻ, സിംലാൽ, സതീഷ് തേവനത്ത്, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സച്ചിൻ റിപ്പോർട്ട് അവതരിപ്പിച്ചു. റോഡ് സി ആര്‍ മഹേഷ് എംഎൽഎ നാട്ടുകാർക്കായി സമർപ്പിച്ചു.