ശാസ്താംകോട്ട. പുണ്യ പുരാതന ക്ഷേത്രമായ മുതുപിലാക്കാട് ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തില്‍ ഒരുപറ്റം സന്നദ്ധ പ്രവർത്തകർ ഭക്ഷണം വിളമ്പി കിട്ടിയ പ്രതിഫലത്തുക സ്വരൂപിച്ച് ക്ഷേത്രത്തിൻറെ ഓപ്പൺ സ്റ്റേജ് പുനർ നിർമ്മിച്ചു നൽകിയിരിക്കുകയാണ്.2003 മുതൽ മുതുപിലാക്കാട് ശ്രീ പാർത്ഥസാരഥി ജംഗ്ഷൻ കേന്ദ്രീകരിച്ച് പ്രവർത്തിച്ച് വരുന്ന ശ്രീകൃഷ്ണ സന്നദ്ധ സേവാസമിതി പ്രവർത്തകരാണ് ആഡിറ്റോറിയം പുനർനിർമ്മിച്ച് നൽകിയത്. ഒരു ആനയെ വാങ്ങി നൽകണമെന്നായിരുന്നു അവരുടെ ആഗ്രഹം.
എന്നാൽ അതിന് ആവശ്യമായ തുകയൊന്നും അവർക്ക് മുതലായി ഉണ്ടായിരുന്നില്ല. ഇടക്കാലത്ത് വിളമ്പ് സമിതിയിലെ പ്രവർത്തകർ വിവിധ ജോലിയും മറ്റുമായി വിദേശത്തും വിവിധ സ്ഥലങ്ങളിലും പോയി. എന്നാൽ അവരുടെ കൈവശമുണ്ടായിരുന്ന തുക സുരക്ഷിതമായി സൂക്ഷിച്ചു. പാർത്ഥസാരഥി ക്ഷേത്രത്തിലെ സ്റ്റേജ് വലിയതോതിൽ ഇളകി തുടങ്ങിയപ്പോൾ അതിൻറെ ശോചനീയാവസ്ഥ പരിഹരിക്കാൻ ക്ഷേത്രസഭ യോടൊപ്പം ചേർന്നു നിന്നുകൊണ്ട് ഒത്തൊരുമയോടെയാണ് പ്രവർത്തിച്ചത് .വിവിധ ക്ഷേത്രങ്ങളിലും മറ്റും നടന്ന വിവാഹങ്ങളിലും മറ്റു പരിപാടികളിലും സന്നദ്ധപ്രവർത്തകർ ആഹാരം വിളമ്പിയതിന് കിട്ടിയ പ്രതിഫല തുക സ്വരൂപിച്ച് കൂട്ടിയാണ് ഓപ്പൺ സ്റ്റേജ് പുനർ നിർമ്മിച്ചത്. 10 ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് എല്ലാ സൗകര്യങ്ങളും ഉള്ള സ്റ്റേജ് ഒരുക്കിയിട്ടുള്ളത്.