കൊല്ലം: കൊട്ടാരക്കര നഗരസഭയിലെ 20-ാം വാര്‍ഡ് കല്ലുവാതുക്കല്‍ (വനിത), അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തിലെ ഏഴാം ഡിവിഷന്‍ അഞ്ചല്‍ (ജനറല്‍), കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിലെ എട്ടാം ഡിവിഷന്‍ കൊട്ടറ (ജനറല്‍), കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ 18-ാം വാര്‍ഡ് കൊച്ചുമാംമൂട് (വനിത), ക്ലാപ്പന ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് പ്രയാര്‍ തെക്ക് (ജനറല്‍), ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് പടിഞ്ഞാറ്റിന്‍കര (വനിത) എന്നീ തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ കളക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് ഗ്രാമപഞ്ചായത്ത് വരണാധികാരികളുടെ നേതൃത്വത്തില്‍ അതത് കേന്ദ്രങ്ങളില്‍ പൂര്‍ത്തീകരിച്ചു. 24ന് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ 25ന് രാവിലെ 10ന് വരണാധികാരികളുടെ നേതൃത്വത്തില്‍ നടക്കും. വോട്ട് രേഖപ്പെടുത്തുന്നതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ്എസ്എല്‍സി ബുക്ക്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസ കാലയളവിന് മുമ്പ് വരെ നല്‍കിയ ഫോട്ടോ പതിച്ച പാസ് ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് എന്നീ രേഖകളില്‍ ഏതെങ്കിലും ഒന്ന് ഹാജരാക്കണം.
ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ബി. ജയശ്രീയുടെ നേതൃത്വത്തില്‍ ആണ് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.