കരുനാഗപ്പള്ളിഃ മകളുടെ കൂട്ടുകാരിയായ നാലാം ക്ളാസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചയാൾക്ക് പത്ത് വർഷം കഠിന തടവും നാൽപ്പതിനായിരം രൂപ പിഴയും ശിക്ഷിച്ചു. കരുനാഗപ്പള്ളി പടഃ വടക്ക് മുറിയിൽ പള്ളത്തുകാട്ടിൽ വീട്ടിൽ 57 വയസ്സുള്ള സിറാജുദീനെയണ് കരുനാഗപ്പള്ളി സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് (പോക്സോ ) കോടതി ജഡ്ജി എഫ്.മിനിമോൾ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷിച്ചത്.പിഴ ഒടുക്കിയില്ലെങ്കിൽ നാലുമാസം അധിക തടവ് അനുഭവിക്കണം.പിഴത്തുക അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു.
2017ലാണ് കേസിനാസ്പദമായ സംഭവം.സിനിമ കാണിക്കാമെന്ന് പറഞ്ഞ് ബാലികയെ വീട്ടിലേക്ക് വിളിച്ചു വരുത്തി മകളുടെ മുന്നിൽ വെച്ച് ഉപദ്രവിച്ച പ്രതി പിന്നീട് മറ്റൊരു ദിവസവും കാർപോർച്ചിൽ വെച്ചും ഉപദ്രവിച്ചു എന്നതായിരുന്നു പ്രോസിക്യൂഷൻ കേസ്.കരുനാഗപ്പള്ളി പോലീസ് ഇൻസ്പെക്ടർ അലോഷ്യസ് അലക്സാണ്ടർ, ജോൺസ് രാജ് എന്നിവരാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 17 സാക്ഷികളെ വിസ്തരിച്ച കേസിൽ 15 തൊണ്ടി മുതലുകളും ഹാജരാക്കി.പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ.എൻ.സി.പ്രേമചന്ദ്രൻ, അതിജീവിതയ്ക്ക് വേണ്ടി അഡ്വ.ദീപക് അനന്തൻ എന്നിവർ കോടതിയിൽ ഹാജരായി.