കൊല്ലത്ത് അപകടത്തിൽ പെട്ടവരുമായി പോയ കാറിടിച്ച് ബൈക്ക് യാത്രികയായ യുവതി മരിച്ചു

Advertisement

കടയ്ക്കല്‍: അപകടത്തിൽ പെട്ടവരുമായി പോയ കാറിടിച്ച് ബൈക്ക് യാത്രികയായ യുവതി മരിച്ചു. കാരേറ്റ് കൃഷ്ണാലയത്തില്‍ ബിനുവിൻ്റെ ഭാര്യ അശ്വതി (39) യാണ് മരിച്ചത്. ബിനുവിനൊപ്പം ചടയമംഗലം വെട്ടുവഴിയിലുള്ള ബിനുവിന്റെ വീട്ടില്‍ പോയി തിരികെ കരേറ്റിലേക്ക് വരുന്നവഴി ഇന്നലെ രാവിലെ 11.45 ഓടെയായിരുന്നു അപകടം. ബിനുവിനും പരുക്കേറ്റു.
അപകടത്തില്‍പ്പെട്ടവരുമായി കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് പോവുകയായിരുന്ന കാര്‍ ബൈക്ക് ഇടിച്ച് തെറിപ്പിച്ച ശേഷം ലോറിക്കടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇവരെ കൂടാതെ കുട്ടികളടക്കം അഞ്ചു പേർക്ക് പരുക്കേറ്റു. കാര്‍ യാത്രക്കാരായ ശാസ്താംകോട്ട പോരുവഴി കോടത്ത് വടക്കതില്‍ വീട്ടില്‍ ഷാജി (49), ഭാര്യ ഷഹാന (38), മക്കളായ ആദം (7), അമാന്‍ (6), ഡ്രൈവര്‍ നെട്ടേത്തറ സരസ്വതി വിലാസത്തില്‍ പ്രസാദ് (58) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
എം.സി റോഡില്‍ ആയൂര്‍ ഭാഗത്തുനിന്ന് നിലമേല്‍ ഭാഗത്തേക്ക് വന്ന ലോറി പെട്ടെന്ന് വലത്തോട്ടെടുത്തപ്പോള്‍ ചടയമംഗലം ഭാഗത്തുനിന്ന് വന്ന കാര്‍ തൊട്ടുമുന്നിലുണ്ടായിരുന്ന ബൈക്ക് യാത്രക്കാരെ ഇടിച്ചശേഷം ലോറിക്ക് അടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. കടയ്ക്കലില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ ആദ്യം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് അശ്വതിയെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജിലും മറ്റുള്ളവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് രാവിലെ വീട്ടിലേക്ക് വരികയായിരുന്ന ഷാജിയും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ ആദ്യം ചടയമംഗലം നെട്ടേത്തറയില്‍ വച്ച് അപകടത്തില്‍പ്പെട്ടിരുന്നു. വൈദ്യുതി തൂണില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ ഷാജിയെയും കുടുംബത്തെയും പ്രസാദ് ഓടിച്ചിരുന്ന കാറില്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോകുമ്പോഴായിരുന്നു രണ്ടാമത്തെ അപകടം.

Advertisement