എസ്എസ്എല്‍സി പരീക്ഷ: ഒരുക്കങ്ങള്‍ പൂര്‍ണം… ജില്ലയില്‍ മൂന്ന് വിദ്യാഭ്യാസ ഉപജില്ലകളിലായി 230 പരീക്ഷാ കേന്ദ്രങ്ങള്‍

Advertisement

ജില്ലയില്‍ എസ്എസ്എല്‍സി പരീക്ഷ എല്ലാവിധ സുരക്ഷാക്രമീകരണങ്ങളും പാലിച്ച് നടത്തുമെന്ന് ജില്ലാ കളക്ടര്‍ എന്‍ ദേവിദാസ് അറിയിച്ചു. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് ചേമ്പറില്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. മാര്‍ച്ച് മൂന്ന് മുതല്‍ 26 വരെ 10 ദിവസങ്ങളിലായാണ് പരീക്ഷകള്‍. രാവിലെ 9.30ന് ആരംഭിച്ച് 11.15 നും 12.15 നും അവസാനിക്കും. ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഉച്ചയ്ക്ക് ശേഷമാണ് നടത്തുന്നത്.
ജില്ലയില്‍ മൂന്ന് വിദ്യാഭ്യാസ ഉപജില്ലകളിലായി 230 പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. കൊല്ലം- 111, കൊട്ടാരക്കര- 66, പുനലൂര്‍- 53. ഇക്കുറി കൊല്ലം ജില്ലയില്‍ 30088 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും. ഇതില്‍ 15442 ആണ്‍കുട്ടികളും 14646 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. പട്ടികജാതി വിഭാഗക്കാര്‍ 4288 പേരും പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നും 104 പേരും പ്രത്യേക പരിഗണന ആവശ്യമുള്ള 933 കുട്ടികളും പരീക്ഷ എഴുതും.
ചോദ്യപേപ്പറുകള്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസ്തല സ്റ്റോറേജ് കേന്ദ്രങ്ങളില്‍ പൊലീസ് സുരക്ഷയോടെയാണ് സൂക്ഷിക്കുക. കൊല്ലം- ക്രിസ്തുരാജ് എച്ച്.എസ്, കൊട്ടാരക്കര- എം.ടി.എച്ച്.എസ് ഫോര്‍ ഗേള്‍സ്, പുനലൂര്‍- ജില്ലാ വിദ്യാഭ്യാസ ഓഫീസ് എന്നിവിടങ്ങളാണ് സ്റ്റോറേജ് കേന്ദ്രങ്ങള്‍. പരീക്ഷയ്ക്ക് ശേഷം ബാക്കി വരുന്ന ചോദ്യപേപ്പറുകളും ഇവിടെ സൂക്ഷിക്കും.
ചോദ്യപേപ്പറുകളുടെ സോര്‍ട്ടിങ് ഫെബ്രുവരി 28ന് അവസാനിക്കും. തുടര്‍ന്ന് ബന്ധപ്പെട്ട ബാങ്കുകളിലേക്കും ട്രഷറികളിലേക്കും മാറ്റും. പരീക്ഷാ ദിവസം അതത് ക്ലസ്റ്ററുകളില്‍ ഉള്‍പ്പെട്ട സ്‌കൂളുകളിലേക്ക് പോലീസ് സുരക്ഷ കൊണ്ടുപോകും. പരീക്ഷ കഴിയുന്ന ദിവസം തന്നെ ഉത്തര കടലാസുകള്‍ ഡെസ്പാച്ച് ചെയ്യേണ്ടതിനാല്‍ ഹെഡ് പോസ്റ്റ് ഓഫീസുകളില്‍ പരീക്ഷാ ദിവസങ്ങളില്‍ അധികസമയം ലഭ്യമാക്കുന്നതിന് പോസ്റ്റ് ഓഫീസ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.
ഈ വര്‍ഷം ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത് വിമല ഹൃദയ സ്‌കൂളിലാണ്- 658 പേര്‍. കുറവ് ജി.എച്ച്.എസ് വലിയകാവ്, ജി.എച്ച്.എസ് കൂവക്കാട്, എന്‍.എസ്.എസ് പേരയം സ്‌കൂളുകളിലാണ്- നാല് പേര്‍ വീതം. 2252 ഇന്‍വിജിലേറ്റര്‍മാരെയാണ് പരീക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here