പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എക്സൈസ് വകുപ്പിന്റെ ഉണര്‍വ് പദ്ധതി പ്രകാരം അനുവദിച്ച മള്‍ട്ടിപര്‍പ്പസ് വോളിബോള്‍ കോര്‍ട്ടിന്റെ ഉദ്ഘാടനം ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു. തെറ്റായ ശീലങ്ങളില്‍ പോകാതെ സ്പോര്‍ട്സ് ഉള്‍പ്പെടെയുള്ള പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധചെലുത്തി സാമൂഹ്യ ബോധമുള്ളവരായി പുതുതലമുറ വളരണമെന്ന് മന്ത്രി പറഞ്ഞു. ഒരാളില്‍ മാത്രം ഒതുങ്ങാതെ സമൂഹത്തെ മുഴുവനായി നശിപ്പിക്കുന്ന ഒന്നാണ് ലഹരി. ഇത് പൂര്‍ണമായി തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ ഏറ്റെടുക്കുന്നതിന്റെ തുടക്കമായാണ് സ്പോര്‍ട്സ് മേഖലയില്‍ വിമുക്തിയുടെ ഇടപെടലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഗോപന്‍ അധ്യക്ഷനായി. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രഞ്ജിത്ത് മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ എം. നൗഷാദ് പദ്ധതി വിശദീകരിച്ചു. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വിദ്യാലയങ്ങള്‍ ലഹരിമുക്തമാക്കുന്നതിനും വിദ്യാര്‍ഥികളെ ബോധവത്കരിക്കുന്നതിനും അവരുടെ കര്‍മശേഷി സര്‍ഗാത്മകമായി വിന്യസിക്കുന്നതിനുമായി എക്സൈസ് വകുപ്പ് വിമുക്തി ലഹരിവര്‍ജന മിഷനുമായി സഹകരിച്ച് ആവിഷ്‌കരിച്ച ഉണര്‍വ്് പദ്ധതിയുടെ ഭാഗമായാണ് ലഹരിക്കെതിരെ കായിക ലഹരി എന്ന ആശയത്തില്‍ വോളിബോള്‍ കോര്‍ട്ട് ഒരുക്കിയത്. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.