കരുനാഗപ്പള്ളി :എം.എൽ.എയും സുമനസ്സുകളും കൈകോർത്തു. ആറ് കുടുബങ്ങൾക്ക് വസ്തുവും ‘വീടും വൈദ്യുതിയും ലഭിച്ചു.
തഴവ പഞ്ചായത്തിലെ ആറ് നിർധന കുടുംബങ്ങൾക്ക് മകൻ്റെ വിവാഹ ആർഭാടങ്ങൾ ഒഴിവാക്കി തഴവ കുറ്റിപ്പുറം സ്വദേശി ഇട്ടിയാശ്ശേരി ബാബു മൂന്ന് സെൻ്റ് ഭൂമി വീതം അർഹതപ്പെട്ട ആറ് കുടുംബങ്ങൾക്ക് ആധാരം രജിസ്ട്രർ ചെയ്ത മകൻ്റെ വിവാഹപന്തലിൽ വെച്ച് സി.ആർ.മഹേഷ് എം.എൽ.എ ആറ് കുടുംബങ്ങൾക്ക് കൈമാറിയിരുന്നു.
ആറ് കുടുംബങ്ങൾക്കും ലൈഫ് പദ്ധതി പ്രകാരം പഞ്ചായത്തിൽ നിന്നു വീടും അനുവദിച്ചു.
എന്നാൽ വീട് നിർമ്മാണത്തിന് ‘ വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിന് സാങ്കേതിക തടസ്സമുണ്ടായി.
ഇത് പരിഹരിക്കണമെന്നാവശ്യവുമായി ആറ് കുടുംബങ്ങളും എം.എൽ.എയെ കണ്ടു.
വൈദ്യുതി ഓഫീസുമായി എം.എൽ.എ ബന്ധപ്പെട്ടപ്പോൾ ഷെഡ് നിർമ്മിച്ചാലെ വൈദ്യുതി മീറ്റർ സ്ഥാപിക്കാൻ കഴിയു എന്നറിയിച്ചു.
ഇലക്ട്രിസിറ്റി ബോർഡിലെ അസിസ്റ്റൻ്റ് എൻഞ്ചിനിയർ സന്തോഷ് കുമാർ എസ്റ്റിമേറ്റ് എടുത്തപ്പോൾ 45000 രൂപ ചിലവാകുമെന്നറിയിച്ചു.
പ്രവാസി സുഹൃത്തുക്കളെ എം.എൽ എ ഈ വിവരം അറിയിച്ചു. പ്രവാസ ലോകത്തെ കോൺഗ്രസ് സംഘടനയായ ഒ.ഐ.സി.സി റിയാദ് കൊല്ലം ജില്ലാ കമ്മിറ്റി സെക്രട്ടറി അനിലിൻ്റെ മകൻ്റെ ജൻമദിനത്തിൽ ക്ഷണിക്കപ്പെട്ടവരിൽ നിന്ന് സമ്മാനങ്ങൾ ഒഴിവാക്കി ബോക്സ് വെച്ച് ഈ ആവശ്യം സൂചിപ്പിച്ച് സമാഹരിച്ച പണവും കൂടിയായപ്പോൾ 65000 രൂപ ലഭിച്ചു.
തുടർന്ന് 45000 രൂപ ഷെഡ് നിർമ്മാണത്തിനും ബാക്കി 20,000 രൂപ രണ്ട് പേർക്ക് ചികിൽസാ സഹായമായി കൈമാറി. ചടങ്ങിൽ പഞ്ചായത്ത് മെമ്പർ രാധാമണി, തഴവ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജു, ബിജു പാഞ്ചജന്യം, അഡ്വ. ബാബുരാജ്, പ്രവാസി കോൺഗ്രസ് നേതാക്കളായ ക്ലാപ്പന ഹസ്സൻ കുഞ്ഞ്, ബീന കുമാരി, കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർ സന്തോഷ് കുമാർ, മധു, സുനിൽ എന്നിവർ പങ്കെടുത്തു