കൊല്ലം: ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട ഘോഷയാത്രയ്ക്കുശേഷം യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ആലപ്പുഴ കാർത്തികപ്പള്ളി കീരിക്കാട് കണ്ണമ്പള്ളി ഭാഗത്ത് കൊച്ചുപള്ളിക്ക് സമീപം വാലക്കര കിഴക്കതിൽ വീട്ടിൽ സജീവിനെ(ശീമാട്ടി – 43)യാണ് കൊല്ലം നാലാം അഡിഷണൽ സെഷൻസ് കോടതി ജഡ്‌ജ് എസ്. സുഭാഷ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷ നാളെ വിധിക്കും.
ഇരവിപുരം താന്നി സെന്റ് മൈക്കിൾസ് പള്ളിക്ക് സമീപം കടപ്പുറം പുരയിടത്തിൽ താമസിക്കുന്ന ജോയിയുടെ മകൻ ജാസ്മനെ (26 )യാണ് പ്രതി കുത്തി കൊലപ്പെടുത്തിയത്.
2018 ഫെബ്രുവരി 20ന് രാത്രി 8.45 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. താന്നി സ്വർഗ്ഗപുരം ക്ഷേത്രത്തിലെ ഉത്സവസമാപന ദിവസം രാത്രി ഘോഷയാത്രയ്ക്ക ശേഷം ജാസ്മനും കേസിലെ രണ്ടാം സാക്ഷിയായ അച്ചു ആനന്ദും തമ്മിൽ താന്നി ജങ്ഷനിൽ നിന്നും കടപ്പുറത്തേക്ക് പോകുന്ന റോഡിൽ സംസാരിച്ച് നിൽക്കവെ അവിടേക്ക് പ്രതി എത്തുകയും, ജാസ്മിനുമായി വഴക്കുണ്ടാവുകയും ചെയ്തു. ഇതിനിടെ പ്രതി കെെവശം കരുതിയിരുന്ന കത്തി ഉപയോഗിച്ച് ജാസ്മന്റെ കഴുത്തിലും വയറിലും ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിലും കുത്തുകയായിരുന്നു. കുത്തേറ്റ ജാസ്മനെ മയ്യനാട് വിശ്വനാഥൻ മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു. വഴക്കിനിടെ പ്രതിയ്ക്കും പരിക്കേറ്റിയിരുന്നു. സംഭവശേഷം സ്ഥലത്ത് നിന്ന് രക്ഷപെട്ട പ്രതി കായംകുളം താലൂക്കാശുപത്രിയിൽ ചികിത്സ തേടി. താലൂക്കാശുപത്രിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കായംകുളം പൊലിസ് ഇയാളെ സ്റ്റേഷനിലെത്തിക്കുകയും ഇരവിപുരം പൊലിസെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ഇരവിപുരം പൊലിസ് സ്റ്റേഷനിലെ സബ് ഇൻസ്പക്ടർ എം. സുജാതൻ പിള്ള രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടറായിരുന്ന പി. പങ്കജാക്ഷനാണ് അന്വേഷണം നടത്തിയത്. ഇൻസ്പെക്ടർ പി. അനിൽ കുമാർ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി. വിനോദ് ഹാജരായി.