ക്ഷേത്രോത്സവത്തിനിടെ യുവാവിനെ കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

Advertisement

കൊല്ലം: ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട ഘോഷയാത്രയ്ക്കുശേഷം യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയ്ക്ക് ജീവപര്യന്തം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. ആലപ്പുഴ കാര്‍ത്തികപ്പള്ളി കീരിക്കാട് കണ്ണമ്പള്ളി ഭാഗത്ത് കൊച്ചുപള്ളിക്ക് സമീപം വാലക്കര കിഴക്കതില്‍ വീട്ടില്‍ സജീവിനെ(ശീമാട്ടി 43)യാണ് കൊല്ലം നാലാം അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് എസ്. സുഭാഷ് ശിക്ഷിച്ചത്.
ഇരവിപുരം താന്നി സെന്റ് മൈക്കിള്‍സ് പള്ളിക്ക് സമീപം കടപ്പുറം പുരയിടത്തില്‍ താമസിക്കുന്ന ജോയിയുടെ മകന്‍ ജാസ്മനെ (26)യാണ് പ്രതി കുത്തി കൊലപ്പെടുത്തിയത്. പിഴ ഒടുക്കാതിരുന്നാല്‍ ഒരു വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണം. പിഴ ഒടുക്കുന്ന പക്ഷം പിഴത്തുക കൊല്ലപ്പെട്ട ജാസ്മിന്റെ മാതാവിന് നല്‍കാനും വിധിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു.
2018 ഫെബ്രുവരി 20ന് രാത്രി 8.45 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. താന്നി സ്വര്‍ഗ്ഗപുരം ക്ഷേത്രത്തിലെ ഉത്സവസമാപന ദിവസം ഘോഷയാത്രയ്ക്ക് ശേഷമായിരുന്നു കൊലപാതകം.
ജാസ്മനും സുഹൃത്ത് അച്ചു ആനന്ദുമായി നില്‍ക്കവെ അവിടേക്കെത്തിയ പ്രതി ജാസ്മിനുമായി വഴക്കുണ്ടാവുകയും പ്രതി കൈവശം കരുതിയിരുന്ന കത്തി ഉപയോഗിച്ച് ജാസ്മന്റെ കഴുത്തിലും വയറ്റിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും കുത്തുകയായിരുന്നു. ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവ ശേഷം സ്ഥലത്ത് നിന്ന് രക്ഷപെട്ട പ്രതിയെ കായംകുളത്ത് നിന്ന് ഇരവിപുരം പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മയ്യനാട് സ്വദേശിയായ പ്രതി ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ വിവാഹം കഴിച്ച് താമസിച്ചു വരികയായിരുന്നു.
ഇരവിപുരം പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പക്ടര്‍ എം. സുജാതന്‍ പിള്ള രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്പെക്ടറായിരുന്ന പി. പങ്കജാക്ഷനാണ് അന്വേഷണം നടത്തിയത്. ഇന്‍സ്പെക്ടര്‍ പി. അനില്‍ കുമാര്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വി. വിനോദ് ഹാജരായി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here