കരുനാഗപ്പള്ളി . പുരോഗമനാത്മകമായ സമൂഹത്തെ ഒരു സൃഷ്ടിച്ചെടുക്കാൻ കലാരൂപങ്ങളും സാഹിത്യസൃഷ്ടികളും വഹിച്ച പങ്ക് മഹത്തരമാണെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി “നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി നിർവഹിച്ച ചരിത്ര ദൗത്യം” എന്ന വിഷയത്തിൽ കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിനെ പിടിച്ചുലച്ച നാടകമാണ് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം. ഇതുൾപ്പെടെയുള്ള കലാരൂപങ്ങളും വിവിധ ജനകീയ മുന്നേറ്റങ്ങളും ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ സൃഷ്ടിക്കുന്നതിൽ മുഖ്യപങ്കാണ് വഹിച്ചത്. വേദിയിൽ അവതരിപ്പിക്കാൻ ലക്ഷ്യമിട്ട് എഴുതിയ നാടകമായിരുന്നില്ല നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി.
പുസ്തകമായി എഴുതി പുസ്തകത്തിൻ്റെ ആദ്യപതിപ്പ് വിറ്റുകിട്ടുന്ന പണം ശൂരനാട് സംഭവത്തിലെ പ്രതികൾക്ക് വേണ്ടി കേസ് നടത്തുന്നതിന് ആവശ്യമായ ഫണ്ടിലേക്ക് മാറ്റിവെക്കുകയായിരുന്നു ലക്ഷ്യം. പിന്നീട് അത് നാടകമായി രൂപപ്പെടുത്തുകയായിരുന്നു. നാടിന് ചെവിയുള്ളടത്തോളം കാലം മറക്കാൻ കഴിയാത്ത മധുരതരമായ ഗാനങ്ങൾ ഉൾപ്പെടെയുള്ള ഈ നാടകത്തിൻ്റെ അവതരണത്തിന്റെ അവസാനം കമ്മ്യൂണിസ്റ്റുകാരും അല്ലാത്തവരുമായ ജനങ്ങൾ ഒരുപോലെ എഴുന്നേറ്റുനിന്ന് മുദ്രാവാക്യം വിളിക്കുന്ന അനുഭവം ആദ്യ അവതരണത്തിൽ തന്നെ ഉണ്ടായി. കലയും സംസ്കാരങ്ങളും ഒരു നാടിനെ സൃഷ്ടിക്കാൻ വലിയ പങ്കാണ് വഹിക്കുന്നത്. അതുപോലെതന്നെ വർഗീയതയും വിഭിന്ന ആശയങ്ങളും പ്രചരിപ്പിക്കാനും പുതിയകാലത്തെ ചില സിനിമകൾ പോലെയുള്ള കലാരൂപങ്ങൾ ഉപയോഗപ്പെടുത്തുന്നു എന്ന കാര്യവും നാം ആശങ്കയോടെ കാണേണ്ടതുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
കവി കുരീപ്പുഴ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ വരദരാജൻ, തോപ്പിൽഭാസിയുടെ മക്കളായ തോപ്പിൽ സോമൻ, മാല, തോപ്പിൽ സുരേഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി മനോഹരൻ, പി ബി സത്യദേവൻ തുടങ്ങിയവർ സംസാരിച്ചു. തോപ്പിൽ ഭാസിയുടെ മക്കളെയും യുവകവി ദിലീപ് മങ്കടത്തറയെയും എം എ ബേബി ചടങ്ങിൽ ആദരിച്ചു. തുടർന്ന് കെപിഎസിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി നാടകവും അരങ്ങേറി.