ശാസ്താംകോട്ട:ശൂരനാട്ട് ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒന്നാം പ്രതിയായ അയൽവാസി അറസ്റ്റിൽ.ശൂരനാട് വടക്ക് പടിഞ്ഞാറ്റ കിഴക്ക് വിഷ്ണു പഞ്ചമിയിൽ വിഷ്ണു പ്രസാദ് (34) ആണ് അറസ്റ്റിലായത്.ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ഒളിവിൽ പോയ ഇയാളെ ഓച്ചിറ പൊലീസാണ് പിടികൂടിയത്.കരുനാഗപ്പള്ളി കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻ്റ് ചെയ്തു.
കേസ്സിലെ രണ്ടാം പ്രതിയും വിഷ്ണു പ്രസാദിൻ്റെ മാതാവുമായ സിപിഎം പ്രാദേശിക നേതാവ് സരള പ്രസാദ് ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചിരിക്കയാണ്.ശൂരനാട് വടക്ക് പടിഞ്ഞാറ്റ കിഴക്ക് അമൃതയിൽ ബിജു(53) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് വിഷ്ണു പ്രസാദ് അറസ്റ്റിലായത്.ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തംഗം ശ്രീലക്ഷമിയുടെ ഭർത്താവും വിമുക്തഭടനുമായ ബിജുവിനെ ജനുവരി മൂന്നിനാണ് ഓച്ചിറയ്ക്കടുത്ത് ചങ്ങൻകുളങ്ങര കൊറ്റമ്പിള്ളി ലെവൽക്രോസിൽ തീവണ്ടി തട്ടി മരിച്ച നിലയിൽ കാണപ്പെട്ടത്.സമീപത്തു നിന്നും ബിജുവിൻ്റെ സ്കൂട്ടറും കണ്ടെത്തിയിരുന്നു.അംഗപരിമിതികൾ ഉണ്ടായിരുന്ന ബിജു എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വർഷങ്ങളായി ചികിത്സ നടത്തി വരികയായിരുന്നു.സൈനിക സേവനത്തിനു ശേഷം നാട്ടിൽ മടങ്ങിയെത്തിയ ബിജുവിൽ നിന്നും വലിയൊരു തുക പോസ്റ്റ് ഓഫീസ് നിക്ഷേപത്തിൻ്റെ പേരിൽ ആർ.ഡി ഏജൻ്റ് കൂടിയായ സരള പ്രസാദും മകൻ വിഷ്ണു പ്രസാദും
ചേർന്ന് തട്ടിയെടുത്തു എന്നും എന്നാൽ പണം പോസ്റ്റ് ഓഫീസിൽ നിക്ഷേപിച്ചിരുന്നില്ല എന്നുമാണ് പരാതി.പിന്നീട്
പണം തിരികെ ചോദിച്ച ബിജുവിനെ സരള പ്രസാദും മകനും ചേർന്ന് നിരവധി തവണ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചതായി കുടുംബം പരാതിപ്പെട്ടിരുന്നു. ആത്മഹത്യ ചെയ്യുന്നതിൻ്റെ തലേ ദിവസം ഭാര്യയുടെയും മകളുടെയും മുമ്പിൽ വച്ച് വിഷ്ണു പ്രസാദ് ബിജുവിനെ ക്രൂരമായി മർദ്ദിച്ച് അവശനാക്കുകയും ഭരണ സ്വാധീനം ഉപയോഗിച്ച് കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.തുടർന്നുണ്ടായ മാനസിക സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്ന് കുടുംബം പരാതി നല്‍കി.പൊലീസിനു ലഭിച്ച ആത്മഹത്യാ കുറിപ്പിൽ സിപിഎം നേതാവിൻ്റെ പീഡനം മൂലമാണ് ആത്മഹത്യയെന്ന് പേര് സഹിതം വെളിപ്പെടുത്തിയിരുന്നു.എന്നാൽ ഓച്ചിറ,ശൂരനാട് പൊലീസിനു മുന്നിൽ ആത്മഹത്യാ കുറിപ്പ് തെളിവായി ലഭിച്ചിട്ടും ആരോപണ വിധേയരെ ചോദ്യം ചെയ്യാൻ പോലും തയ്യാറായില്ലെന്ന് കോൺഗ്രസ് ആക്ഷേപം ഉന്നയിച്ചിരുന്നു.ശക്തമായ സമരപരിപാടികളിലേക്ക് കോൺഗ്രസ് ശൂരനാട്,ശൂരനാട് വടക്ക് മണ്ഡലം കമ്മിറ്റികൾ കടക്കാനിരിക്കേയാണ് രണ്ട് മാസത്തിനു ശേഷം ഒന്നാം പ്രതി അറസ്റ്റിലായത്.