ശാസ്താംകോട്ട: വിശുദ്ധ റമളാൻ കാരുണ്യത്തിൻ്റെ മാസമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി തങ്ങൾ.
പ്രഭാതം മുതൽ പ്രദോഷം വരെ വ്രതം അനുഷ്ഠിക്കുന്നവൻ പട്ടിണിയുടെയും ദാഹത്തിന്റെയും വില അറിയുമ്പോൾ കഷ്ടപ്പെടുന്നവരോട് കാരുണ്യം കാണിക്കും. ഇസ്‌ലാം നോമ്പിലൂടെ കാഴ്ചവയ്ക്കുന്നത് ഈ ആശയമാണ്. മനുഷ്യമനസ്സുകൾക്ക് സമാധാനമുണ്ടെങ്കിൽ ലോകത്തിനു മുഴുവനും സമാധാനമുണ്ടാകും. മനുഷ്യരോടും ജീവജാലങ്ങളോടും കാരുണ്യവും കൃപയും കാണിക്കുന്നവരാകണം മനുഷ്യരെന്നും തങ്ങൾ പറഞ്ഞു. മനസുകളിൽ നിന്ന് കാരുണ്യവും സ്നേഹവും നഷ്ടപ്പെടുന്നതാണ് ലോകം നേരിടുന്ന പല പ്രതിസന്ധികൾക്കും കാരണം. മാനവിക ചിന്തകൾക്കും ധാർമിക മൂല്യങ്ങൾക്കും വിലകൽപ്പിക്കുന്ന തലമുറയെ സൃഷ്ടിക്കുക എന്നത് ലോകത്തിൻ്റെ നിലനിൽപ്പിന് ആവശ്യകതയായി മാറുന്ന സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും തങ്ങൾ ചൂണ്ടിക്കാട്ടി.
കുമരംചിറയിൽ നിർമ്മാണം പൂർത്തിയായ മസ്ജിദ് രിഫാഇയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു തങ്ങൾ.
മസ്ജിദ് പ്രസിഡൻ്റ് എം പൂക്കുഞ്ഞ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം മുനീർ കുമരംചിറ, വിവിധ മസ്ജിദുകളിലെ ഇമാമുമാരായ അനസ് അഹ്സനി, ഷാജഹാൻ ഫൈസി, സഹദ് നിസാമി, ഹാഷിം മദനി, ഷിഹാബുദ്ദീൻ സഖാഫി, ഹാഫിസ് മുഹമ്മദ് മുസമ്മിൽ അസ്ഹരി, മുഹമ്മദ് മുനവ്വിർ നൂറാനി, നുറുൽ ഇസ് ലാം ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡൻ്റ് സമീർ യൂസഫ്, സെക്രട്ടറി എം ഫറൂഖ്, ഹനീഫാ കുഞ്ഞ്, എം റഹീം മുട്ടത്ത്, നിസാമുദ്ദീൻ പുന്നവിള, ഷാജഹാൻ ഉദയമംഗലം, ഷാനവാസ്, അയ്യൂബ് ഖാൻ മന്നാനി, അബ്ദുൽ റഷീദ്, എം ഹാരിസ്, അബ്ദുൽ സലാം ബിൽഡേഴ്സ് പോയിൻ്റ്, ഹാഷിം ഞാറയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു