കൊല്ലം-തേനി ഹൈവേയിൽ കടപുഴ ജനവാസ മേഖലയിൽ മാംസാവശിഷ്ടങ്ങൾ നിക്ഷേപിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ.മുളവന ലക്ഷം വീട് കോളനി ചരുവിള വടക്കതിൽ ഫ്രെഡ്ഡിയാണ് പിടിയിലായത്. ഫെബ്രുവരി 24 ന് പുലർച്ചെയാണ് റോഡരുകിൽ ദുർഗന്ധം വമിക്കുന്ന കോഴി അവശിഷ്ടങ്ങൾ നിക്ഷേപിച്ച നിലയിൽ നാട്ടുകാർ കണ്ടത്.തുടർന്ന് പഞ്ചായത്തംഗം ഷീലാകുമാരിയുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ സ്ഥലത്തെത്തി മാലിന്യങ്ങൾ നീക്കം ചെയ്യുകയും ശുചീകരണ പ്രവർത്തനം നടത്തുകയും ചെയ്തു.ശാസ്താംകോട്ട എസ്.ഐ ഷാനവാസിൻ്റെ നേതൃത്വത്തിൽ പോലീന് സംഘം സമീപത്തെ സി.സി.ടി.വികൾ കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയെങ്കിലും പ്രതിയെ പറ്റി വ്യക്തമായ സൂചന ലഭിച്ചില്ല. തുടർന്ന് മറ്റു സ്റ്റേഷൻ പരിധിയിൽ കൂടി അന്വേഷണം വ്യാപിപ്പിച്ചതോടെയാണ് പ്രതി പിടിയിലായത്. മാലിന്യം കൊണ്ടുവന്ന മിനിലോറിയും പോലീസ് കസ്റ്റഡിയിലെടുത്തു.കരാർ അടിസ്ഥാനത്തിൽ മാംസാവശിഷ്ടങ്ങൾ നിർമാർജ്ജനം ചെയ്യുന്ന ആളാണ് പിടിയിലായ ഫ്രെഡ്ഡി.ശാസ്താംകോട്ട സി.ഐ മനോജ് കുമാർ, എസ്.ഐ.ഷാനവാസ്, സി.പി.ഒ അലക്സാണ്ടർ എന്നിവരുടെ നേത്യത്യത്തിലാണ് പ്രതിയെ പിടികൂടിയത്.