മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ റെയിൽവേ പ്രവർത്തനങ്ങൾ വിലയിരുത്തി കൊടിക്കുന്നിൽ സുരേഷ് എംപി

Advertisement

മാവേലിക്കര. ലോക്സഭാ മണ്ഡലത്തിലെ തിരുവനന്തപുരം ഡിവിഷൻ പരിധിയിൽ നടന്നുവരുന്ന റെയിൽവേയുടെ പ്രവർത്തനങ്ങൾ വിലയിരുത്തി കൊടിക്കുന്നിൽ സുരേഷ് എംപി. തിരുവനന്തപുരത്തെ റെയിൽവേ ഡിവിഷനൽ ആസ്ഥാനത്ത് വിളിച്ചു ചേർത്ത യോഗത്തിൽ വിവിധ സ്റ്റേഷനുകളിൽ നടന്നുവരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ, എഞ്ചിനീയറിങ്, മെയിന്റനൻസ്, ഓപ്പറേഷൻ, ഇലക്ട്രിക്കൽ, കൊമേർഷ്യൽ, തുടങ്ങിയ വിഭാഗങ്ങളുടെ പ്രവർത്തന റിവ്യൂ ആണ് പ്രധാനമായും നടത്തിയത്.

അമൃത് ഭാരത് പദ്ധതി പ്രകാരം നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരുന്ന ചങ്ങനാശ്ശേരി, മാവേലിക്കര എന്നീ സ്റ്റേഷനുകളിലെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ ആക്കണമെന്നും ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന്റെ നിർമാണ പ്രവർത്തനങ്ങൾ അടിയന്തിരമായി ആരംഭിക്കണമെന്നും ആവശ്യപ്പെട്ടു.

ശാസ്താകോട്ട റെയിൽവേ സ്റ്റേഷനിലെ ഭൗതിക സാഹചര്യങ്ങൾ ഉയർത്തുന്നതിനായി അടിയന്തരമായി പ്രത്യേക പദ്ധതി നടപ്പാക്കണമെന്നും എംപി ഡിആർമ്മിനോട്‌ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഡിപിആർ തയ്യാറാക്കുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ യോഗത്തിൽ ചുമതലപ്പെടുത്തുകയും അടിയന്തരാവശ്യങ്ങൾ ഉടൻതന്നെ പരിഹരിക്കാനും തീരുമാനമായി.

മൺട്രോത്തുരുത്ത് സ്റ്റേഷനിൽ നിലവിൽ നിർമ്മാണത്തിൽ ഇരിക്കുന്ന ഫുഡ് ഓവർ ബ്രിഡ്ജിന്റെ നിർമ്മാണം ആറുമാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് യോഗത്തിൽ അറിയിച്ച ഡിആർഎം പ്ലാറ്റ്ഫോം എക്സ്റ്റൻഷൻ പണികൾക്കായി ഐഐടി മദ്രാസിന്റെ റിപ്പോർട്ട് ആവശ്യമാണെന്നും റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും അറിയിച്ചു.

നിലവിൽ ലൂപ്പ് ലൈൻ ആയി ഉപയോഗിക്കുന്ന മാവേലിക്കര, ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനുകളിലെ ഒന്നാം പ്ലാറ്റ്ഫോമുകളിലേക്ക് നോൺ പീക്ക് സമയങ്ങളിൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് ക്രമീകരിക്കുമെന്നും എംപിയുടെ ആവശ്യത്തിനു മറുപടിയായി ഓപ്പറേഷൻ വിഭാഗത്തിൽ നിന്നും ഉറപ്പ് ലഭിച്ചു. രാവിലെയും വൈകിട്ടും ഒഴിച്ചുള്ള സമയങ്ങളിൽ ആയിരിക്കും പ്രധാനമായും നിലവിൽ ലൂപ്പ് ലൈനായി ഉപയോഗിക്കുന്ന ഒന്നാം പ്ലാറ്റ്ഫോമിലേക്ക് ഇനി ട്രെയിൻ അടുക്കുക. വിവിധ സ്റ്റേഷനുകളിൽ നടക്കുന്ന ഡിവിഷൻ വർക്കുകൾ എത്രയും വേഗത്തിൽ പൂർത്തീകരിക്കണമെന്നും ലിഫ്റ്റുകളുടെ പ്രവർത്തനക്ഷമത വേഗത്തിൽ ഉറപ്പുവരുത്തണമെന്നും നിർദ്ദേശിച്ചു. ചെറിയനാട് റെയിൽവേ സ്റ്റേഷൻ ലെവൽ ക്രോസ്, സ്റ്റേഷനിലേക്ക് ഉള്ള റോഡിന്റെ അറ്റകുറ്റപ്പണി എന്നിവയ്ക്ക് അധിക തുക അനുവദിച്ച് പണിപൂർത്തീകരിക്കുമെന്ന് എഞ്ചിനീയറിങ് വിഭാഗം യോഗത്തിൽ എംപിക്ക് മറുപടി നൽകി.

മൺറോത്തുരുത്ത് റെയിൽവേ സ്റ്റേഷനിൽ പുനലൂർ ഗുരുവായൂർ ട്രെയിൻ സ്റ്റോപ്പ്, ശാസ്താംകോട്ടയിൽ ആലപ്പുഴ വഴിയുള്ള മാവേലി, ഏറനാട് എക്സ്പ്രസ്, മാവേലിക്കരയിൽ കൊച്ചുവേളി ശ്രീ ഗംഗാനഗർ എക്സ്പ്രസ്, രാജ്യറാണി എക്സ്പ്രസ്, ചെറിയനാട് സ്റ്റേഷനിൽ നാഗർകോവിൽ കോട്ടയം പാസഞ്ചർ, ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ കൊച്ചുവേളി നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ചങ്ങനാശ്ശേരിയിൽ ജനശതാബ്ദി, വിവേക് എക്സ്പ്രസ്, വെരാവൽ എക്സ്പ്രസ് തകഴിയിൽ പാസഞ്ചർ ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കുന്ന കാര്യത്തിൽ യോഗത്തിൽ തീരുമാനമായി. ബാംഗ്ലൂർ ഡിവിഷനിലെ സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങൾ അവസാനിക്കുന്ന മുറക്ക് തിരുവനന്തപുരം ബാംഗ്ലൂർ സെക്ടറിൽ പുതിയ വന്ദേ ഭാരത സർവീസ് ആരംഭിക്കുവാനുള്ള സാധ്യതയും പരിശോധിക്കാം എന്ന് എംപിയുടെ ആവശ്യത്തിന് റെയിൽവേ മറുപടി നൽകി

ആലപ്പുഴ, കൊല്ലം ജില്ലകൾക്ക് ഭാഗികമായും പത്തനംതിട്ട ജില്ലയ്ക്ക് മുഴുവനായും ഉപകാരപ്രദമാകുന്ന തരത്തിൽ ആലപ്പുഴ വഴി കടന്നു പോകുന്ന വന്ദേ ഭാരത്‌ എക്സ്പ്രസിന് കായംകുളത്ത് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം മുമ്പോട്ടു വെച്ചു. ഈ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ച ഡി ആർ എം വന്ദേഭാരതിന് കായംകുളത്ത് അധിക സ്റ്റോപ്പിന്റെ സാധ്യത പരിശോധിക്കാം എന്ന് ഉറപ്പുനൽകി.

അജ്മീർ – എറണാകുളം, ധൻബാദ് – ആലപ്പുഴ, നിലമ്പൂർ – കോട്ടയം, ഗുരുവായൂർ – എറണാകുളം, എറണാകുളം – കോട്ടയം എന്നീ ട്രെയിനുകൾ കൊല്ലം വരെ നീട്ടണമെന്ന ആവശ്യവും തത്ത്വത്തിൽ യോഗത്തിൽ അംഗീകരിച്ചു.

തലയണക്കാവ് അടിപ്പാതയിൽ അടിയന്തിരമായി ലെറ്റ്‌ സ്ഥാപിക്കണമെന്ന് നിർദേശിച്ച എംപി ശാസ്താകോട്ട, ചെങ്ങന്നൂർ മടത്തുംപടി, കുളിക്കാംപാലം, ചങ്ങനാശ്ശേരി വടക്കേക്കര എന്നിവിടങ്ങളിൽ പുതിയ അടിപ്പാതക്കും നിർദേശം നൽകി. മണ്ഡലത്തിൽ അനുവദിച്ചിട്ടുള്ള റെയിൽവേ മേൽപ്പാലങ്ങളായ മൈനാഗപ്പള്ളി, കല്ലുമല, നാലുകോടി, തകഴി, തൃപ്പക്കുടം എന്നിവിടങ്ങളിൽ പ്രവർത്തന പുരോഗതികൾ വിലയിരുത്തുന്നതിനായി റെയിൽവേ, സംസ്ഥാന നിർവഹണ ഏജൻസി എന്നിവരെ ഉൾപ്പെടുത്തി സംയുക്ത സന്ദർശനം നടത്തുമെന്നും എംപി അറിയിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here