പരവൂർ പാരിപ്പള്ളി റോഡിൽ പൂതക്കുളം പഞ്ചായത്ത് ഓഫീസിനു സമീപം നടന്ന വാഹനാപകടത്തിൽ ഒരാൾ മരിച്ചു. 3 പേർക്ക് പരിക്ക്. പാരിപ്പള്ളി യു.കെ.എഫ് കോളേജിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപെട്ടത് . കഴിഞ്ഞ ദിവസം രാത്രി 12 ഓടേയാണ് സംഭവം. പരവൂർ കോട്ടപ്പുറം കുമിട്ടിയിൽ ഹൗസിൽ പരേതനായ ജയപ്രകാശിന്റെ മാകനായ ഹേമന്ത് (21) ആണ് മരിച്ചത്. പാരിപ്പള്ളി, പള്ളിക്കൽ എന്നിവിടങ്ങളിൽ നിന്നുള്ള അഭിജിത്ത്, റോയി, സായി എന്നിവരാണ് ഹേമന്തിനൊപ്പം കാറിൽ ഉണ്ടായിരുന്ന സഹപാഠികൾ. കോളേജിലെ വാർഷികാഘോഷ പരിപാടിയായ ടെക് ഫെസ്റ്റിൽ പങ്കെടുത്ത ശേഷം മടങ്ങും വഴിയാണ് അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് വൈദ്യുതി തൂണിലും സമീപത്തെ മതിലിലും , റോഡരുകിൽ നിന്ന മരത്തിലും ഇടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാറിന്റെ മുൻ വശം തകർന്ന് എഞ്ചിൻ ഭാഗം ഊരിത്തെറിച്ച നിലയിലാണ്. പരവൂർ പൊലീസും നാട്ടുകാരും ചേർന്ന് ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സകൾ നല്കിയെങ്കിലും പരിക്ക് ഗുരുതരമായിരുന്നതിനാൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപ്പോഴേക്കും ഹേമന്ത് മരണത്തിനു കീഴടങ്ങുകയായിരുന്നു. പരവൂർ പൊലീസ് കേസെടുത്തു.ഹേമന്തിന്റെ മാതാവ് ഷീല . സഹോദരൻ : മിഥുൻ (ഡിഗ്രി വിദ്യാർത്ഥി ) .