കൊല്ലം: തൃക്കരുവ ഞാറയ്ക്കല്‍ ചേരിയില്‍ വിളയില്‍ മംഗലത്ത് വീട്ടില്‍ ഇസ്മയിലിനെ (55) കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി ഷാജഹാന്‍ കുറ്റക്കാരനാണെന്ന് കൊല്ലം ഫസ്റ്റ് അഡിഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തി. ശിക്ഷ സംബന്ധിച്ച വാദം ഇന്ന് കോടതിയില്‍ നടക്കും. 2020 ഫെബ്രുവരി 7ന് രാവിലെ 10.45ന് താന്നിക്കമുക്ക് മാര്‍ക്കറ്റില്‍ വെച്ചാണ് മത്സ്യ കച്ചവടക്കാരനായ ശക്തികുളങ്ങര കന്നിയില്‍ ചേരിയില്‍ അമ്പിളി ചേഴത്ത് വടക്കതില്‍ വീട്ടില്‍ ഷാജഹാന്‍ മാര്‍ക്കറ്റില്‍ മത്സ്യ മൊത്തക്കച്ചവടക്കാരനായ ഇസ്മയിലിനെ കൊലപ്പെടുത്തിയത്.
പ്രോസിക്യൂഷന്‍ ഭാഗത്തേക്ക് 18 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകളും 5 തൊണ്ടിമുതലുകളും തെളിവിലേക്ക് മാര്‍ക്ക് ചെയ്തിരുന്നു. ഫസ്റ്റ് അഡിഷണല്‍ സെഷന്‍സ് ജഡ്ജി പി എന്‍ വിനോദാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രോസിക്യൂഷന് വേണ്ടി അഭിഭാഷകരായ ആര്‍ സേതുനാഥ്, മിലന്‍ എം മാത്യു, മപാര്‍ത്ഥസാരഥി, അമിന.ബി എന്നിവര്‍ ഹാജരായി.