കൊട്ടിയത്ത് അനധികൃത ഗ്യാസ് റീഫില്ലിംഗ് കേന്ദ്രത്തിൽ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ റെയ്ഡ്

Advertisement

കൊട്ടിയം:അനധികൃത ഗ്യാസ് റീഫില്ലിംഗ് കേന്ദ്രത്തിൽ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ 75 ഗ്യാസ് സിലിണ്ടറുകളും, ഗ്യാസ് നിറക്കാനുപയോഗിക്കുന്ന ട്യൂബുകളും, ഇലക്ട്രോണിക് ത്രാസും വാഹനങ്ങളും പിടിച്ചെടുത്തു. കൊട്ടിയം ഒറ്റപ്ലാമൂട്ടിൽ ഒരു വീടിനോട് ചേർന്നുള്ള ഷെഡ് വാടകക്കെടുത്താണ് അനധികൃത റീഫില്ലിംഗ് നടത്തിയിരുന്നത്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിൽ നിന്നും വീട്ടാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഭാരത് ഗ്യാസ് സിലിണ്ടറുകളിലേക്ക് ഗ്യാസ് നിറക്കുകയായിരുന്നു ഇവിടെ ചെയ്തിരുന്നത്. പട്ടത്താനം സ്വദേശി അനിൽ സ്വരൂപ് എന്നയാളാണ് റീഫില്ലിംഗ് കേന്ദ്രം നടത്തിയിരുന്നത്. ഇയാളും പിടിയിലായിട്ടുണ്ട്. പിടികൂടിയവയിൽ നിറ സിലിണ്ടറുകളും കാലി സിലിണ്ടറുകളും ഉണ്ടായിരുന്നു. ഗ്യാസ് സിലിണ്ടറുകൾ പിടികൂടിയതു സംബന്ധിച്ച് ജില്ലാ കളക്ടർക്കും , പൊലീസിനും സപ്ലെ ഓഫീസ് അധികൃതർ റിപ്പോർട്ട് നൽകിയിട്ടുണ്ട്. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളുമില്ലാതെയാണ് കേന്ദ്രം നടത്തിയിരുന്നത്. വലിയ ജനവാസമില്ലാത്ത ഇവിടെ നിന്നും മിനിലോറികളിലും,  ആട്ടോകളിലും ഗ്യാസ് സിലിണ്ടറുകൾ കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ വിവരം ജില്ലാ സപ്ലൈ ഓഫീസറെ അറിയിച്ചതിനെ തുടർന്ന്  സപ്ലൈ ഓഫീസർ വൈ.സാറാമ്മയുടെ നേതൃത്വത്തിലുളള റേഷനിംഗ് ഇൻസ്പെക്ടർമാരുടെ സംഘമാണ് റെയ്ഡ് നടത്തി ഗ്യാസ് സിലിണ്ടറുകൾ പിടിച്ചെടുത്തത്. ആർ. ഐ.മാരായ ജി. ബിജുകുമാരകുറുപ്പ്, എം.ഷാനവാസ്, എസ്. സജീഷ്, എ.എൽ സനൂജ, ആർജസ്ന , എസ്. ആശ, കെ.ഐ. അനിലഎന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here