ശാസ്താംകോട്ട : ഭരണിക്കാവ് പഞ്ചായത്ത് ബസ് സ്റ്റാൻ്റ് പുനർനിർമ്മിച്ചിട്ടും കൈയൊഴിഞ്ഞ് ബസ് സർവ്വീസുകൾ.. നവീകരണം ഏകപക്ഷ തീരുമാനമെന്ന് ബസ്സുടമകൾ.
ശാസ്താംകോട്ട – അടൂർ റൂട്ടിൽ മുസ്ലിയാർ ഫാമിൽ 2015 ലാണ് ഏഴുപത്തിയഞ്ച് ലക്ഷം രൂപയോളം ചിലവഴിച്ച് പഞ്ചായത്ത് ബസ് സ്റ്റാൻ്റ് നിർമ്മിച്ചത്.ഏറെ കൊട്ടിഘോഷിച്ച് നിർമ്മിച്ച ബസ് സ്റ്റാൻ്റ് നിർമ്മാണത്തിലെ അപാകത മൂലം അധികം വൈകാതെ തകർന്നു. ടാറിംഗ് പൂർണ്ണമായി നഷ്ടപ്പെട്ട ബസ് സ്റ്റാൻ്റ് ആദ്യം കെ.എസ്.ആർ.ടി.സിയും പിന്നാലെ സ്വകാര്യ ബസ്സുകളും പൂർണ്ണമായും തഴഞ്ഞു.ഇതോടെ സാമൂഹ്യ വിരുദ്ധരുടെ വിഹാരകേന്ദ്രമായി തീർന്നു ഇവിടം. ഗതാഗത കുരുക്കിൽ വീർപ്പുമുട്ടിയിരുന്ന ഭരണിക്കാവ് ജംഗ്ഷന് ആശ്വാസമായി ട്രാഫിക്ക് സംവിധാനം നിലവിൽ വന്നതോടെയാണ് ബസ് സ്റ്റാൻ്റ് നവീകരിയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നത്.ഇതോടെ ശാസ്താംകോട്ട ബ്ലോക്ക് ഗ്രാമ പഞ്ചായത്തുകൾ പതിനഞ്ച് ലക്ഷം രൂപ നവീകരണ പ്രവർത്തനങ്ങൾക്ക് വകയിരുത്തി. നവീകരണ പ്രവർത്തനങ്ങളുടെ ആദ്യപടിയായി സ്റ്റാൻ്റിലെ റോഡിലെ ടാറിംഗ് പൂർത്തീകരിച്ചു. എന്നാൽ ടാറിംഗ് പൂർത്തീകരിച്ച് ആഴ്ചകൾ പിന്നിട്ടിട്ടും ബസ്സ് സർവ്വീസുകൾ ഇതിന് നേരെ മുഖം തിരിക്കുകയാണ്. അടൂർ റോഡിൽ നിന്നു സ്റ്റാൻ്റിലേക്കുള്ള ചെങ്കുത്തായ ഇറക്കവും പ്രാഥമിക സൗകര്യങ്ങൾ ഇല്ലാത്തതും സ്റ്റാൻ്റിൻ്റെ പോരാഴ്മയായി സ്വകാര്യ ബസ്സുടമകൾ ചൂണ്ടി കാണിക്കുന്നു .ബസ് സ്റ്റാൻ്റ് യാഥാർത്ഥ്യമായാൽ ഭരണിക്കാവ് ജംഗ്ഷനിലെ സ്റ്റോപ്പുകൾ ഉപേക്ഷിക്കുവാനാണ് ബസുടമകളുടെ തീരുമാനം ഇത് വ്യാപാരികളുടെ എതിർപ്പിന് ആക്കം കൂട്ടും.എന്നാൽ ചർച്ച നടത്തി ഏവരേയും സമവായത്തിലെത്തിക്കാനാണ് പഞ്ചായത്ത് ശ്രമിക്കുന്നത്.