കടവൂര്‍ ശിവരാജുവിന് വിദഗ്ധ പരിശോധന

Advertisement

അനാരോഗ്യമായിട്ടും വിശ്രമം നല്‍കുന്നില്ലെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ വിദഗ്ധസംഘം കടവൂര്‍ ശിവരാജുവിനെ പരിശോധിച്ചു. ഏക്കത്തുകയില്‍ വര്‍ധന ഉണ്ടായതോടെ വിശ്രമം നല്‍കാതെ എല്ലായിടത്തും കൊണ്ടുപോയതോടെ ആനയുടെ ആരോഗ്യസ്ഥിതി മോശമായി തുടങ്ങി. തണ്ണിമത്തനും  മറ്റും അമിതമായി കഴിച്ചതു മൂലം തുടര്‍ച്ചയായി ഒരാഴ്ചയോളം ദഹനക്കേടും ഉണ്ടായി.
കഴിഞ്ഞ ഫെബ്രുവരി 28 മുതല്‍ ശിവരാജു ആന ചികിത്സയിലാണ്. കടവൂര്‍ ക്ഷേത്രത്തിലെ കരക്കാരുടെ എഴുന്നള്ളത്തിന് പോലും ആനയെ പങ്കെടുപ്പിച്ചിരുന്നില്ല. പിന്നീട് പരിശോധിച്ച സ്വകാര്യ ഡോക്ടര്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെ തുടര്‍ന്ന് പാറശ്ശാലയിലെ എഴുന്നള്ളത്തിനു കൊണ്ടുപോകുന്നത് നാട്ടുകാരും ആനപ്രേമികളും ചേര്‍ന്ന് തടയുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെയോടെ നാട്ടുകാര്‍ വീണ്ടും പ്രതിഷേധവുമായി ക്ഷേത്ര അഡ്മിനിസ്ട്രേറ്റീവ് ഓഫീസിനു മുന്നിലെത്തി. പ്രതിഷേധം ശക്തമായതോടെ മന്ത്രി ജെ ചിഞ്ചുറാണി ഇടപെട്ട് മൃഗസംരക്ഷണ വകുപ്പിലെ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ ആനയെ പരിശോധിക്കാന്‍ വിദഗ്ധ സംഘത്തെ നിയോഗിക്കുകയായിരുന്നു
ഇന്നലെ രാവിലെ 10 മണിയോടെ ക്ഷേത്രത്തിലെത്തിയ സംഘം ആനയുടെ രക്തസാമ്പിളുകളും എരണ്ടവും ശേഖരിച്ചു. തുടര്‍ന്ന് ജില്ലാ വെറ്ററിനറി കേന്ദ്രം ലബോറട്ടറിയില്‍ വിശദപരിശോധനയ്ക്ക് വിധേയമാക്കി. ആനയ്ക്ക് നിര്‍ജലീകരണം നേരിട്ടതായി പ്രാഥമിക പരിശോധനയില്‍ വിലയിരുത്തി  ഒരാഴ്ചത്തെ വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ലബോറട്ടറി പരിശോധനകള്‍ തീരുന്ന മുറയ്ക്ക് യോഗ്യത സര്‍ട്ടിഫിക്കറ്റ് നല്‍കും. ആനയുടെ വിരല്‍ നഖത്തിലും പാദങ്ങളിലും ഉണ്ടായപൊട്ടലുകള്‍ക്ക് പരിഹാരം നിര്‍ദ്ദേശിച്ചിട്ടാണ് സംഘം മടങ്ങിയത്.
മൃഗസംരക്ഷണവകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡോ.ഡി.ഷൈന്‍ കുമാറിന്റെ നേതൃത്വത്തില്‍ ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ.ഷീബ പി ബേബി, സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. സജിത് സാം, ബി.സോജ, ആര്യ സുലോചനന്‍, വനം വകുപ്പ് വെറ്ററിനറി സര്‍ജന്‍ ഡോ. സിബി, എസ്.പി.സി.എ ഇന്‍സ്പക്ടര്‍ റിജു എന്നിവരുള്‍പ്പെട്ട സംഘമാണ് ആനയെ പരിശോധിച്ചത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here