കുന്നത്തൂർ:കുന്നത്തൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൻ്റെ നവീകരണം പൂർത്തിയായപ്പോൾ മുകൾ നിലയിൽ പ്രവർത്തിച്ചിരുന്ന വായനശാലയ്ക്ക് നൽകിയിരുന്ന അനശ്വര ഹാസ്യസാഹിത്യകാരൻ ഈവി കൃഷ്ണപിള്ളയുടെ നാമധേയത്തിന് അവഗണനയെന്ന് ആക്ഷേപം .മലയാള സാഹിത്യ മേഖലയ്ക്ക് കുന്നത്തൂർ ഗ്രാമം സമ്മാനിച്ച ഈവി കൃഷ്ണപിള്ളയുടെ നാമധേയം പഞ്ചായത്ത് ലൈബ്രറിക്ക് നൽകണമെന്നത് വർഷങ്ങളായുള്ള ആവശ്യമായിരുന്നു.പരാതികൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിലാണ് ഇ.വിയുടെ നാമധേയം നൽകാൻ പഞ്ചായത്ത് അധികൃതർ തയ്യാറായത്.അത് റോഡില്‍കൂടി പോകുന്നവര്‍ കാണുന്ന തരത്തില്‍ വലിയതായി പഞ്ചായത്ത് കെട്ടിടത്തിന് മുകളില്‍ എഴുതിയിരുന്നു.
അടുത്തിടെ ലൈബ്രറിയുടെ മുൻഭാഗത്ത് പുതിയൊരു മുറി നിർമ്മിക്കുകയും ലൈബ്രറി റീഡിങ് റൂം ഇവിടേക്ക് മാറ്റുകയും ചെയ്തു.ലൈബ്രറി പ്രവർത്തിച്ചിരുന്ന റൂം എൽ.എസ് ജി.ഡി ഓഫീസാക്കി.അല്പം നവീകരണം കൂടി നടത്തിയ ശേഷം അടുത്തിടെ പഞ്ചായത്ത് ഓഫീസ് കെട്ടിടം മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തിരുന്നു.ഇതിനെ തുടർന്ന് ഈ വി കൃഷ്ണപിള്ളയുടെ നാമധേയം ചെറിയ ബോർഡിലേക്ക് ഒതുങ്ങി.മാത്രമല്ല ആരുടെയും ശ്രദ്ധയിൽപ്പെടാത്ത തരത്തിൽ പ്രധാന കെട്ടിടത്തിൻ്റെ പിന്നാമ്പുറത്തേക്ക് മാറ്റുകയും ചെയ്തെന്നാണ് പരാതി ഉയരുന്നത്