കൊല്ലം കടയ്ക്കൽ ദേവീ ക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച സംഗീത പരിപാടിയിൽ വിപ്ലവഗാനം പാടിയതിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം. ക്ഷേത്രങ്ങളെ രാഷ്ട്രീയപ്രചാരണത്തിന് ഉപയോഗിക്കുന്നതായാണ് വിമർശനം. അതേസമയം ഉത്സവ കമ്മിറ്റി വിപ്ലവഗാനം നിർബന്ധിച്ചു പാടിപ്പിച്ചതല്ലെന്നും സദസ്സിൽ നിന്ന് ആവശ്യപ്പെട്ടപ്പോൾ ഗായകൻ അലോഷി പാടിയതാണെന്നുമാണ് ക്ഷേത്ര ഭാരവാഹികളുടെ വിശദീകരണം.
ഗസൽ,വിപ്ലവ ഗായകനായ കണ്ണൂർ സ്വദേശി അലോഷി ആദമാണ് പുഷ്പനെ അറിയാമോ എന്ന വിപ്ളവഗാനം പാടിയത്. തിരുവിതാംകൂർ ദേവസ്വംബോർഡിന് കീഴിലുള്ള ക്ഷേത്രത്തിലെ ഉത്സവത്തിന് ഡിവൈഎഫ്ഐയുടെ പതാക പശ്ചാത്തലത്തിലൊരുക്കി വിപ്ലവ ഗാനം പാടിപ്പിപ്പിച്ചെന്നാണ് വിമർശനം. കടയ്ക്കൽ തിരുവാതിരയുടെ ഒമ്പതാം ഉത്സവ ദിനമായ തിങ്കൾ വൈകിട്ട് ആയിരുന്നു അലോഷിയുടെ പാട്ട്. സിപിഎമ്മിൻ്റെ സംഘടനയായ വ്യാപാരി വ്യവസായി സമിതി മടത്തറ , ആൾത്തറമൂട് യൂണിറ്റുകൾ, വ്യാപാരി വ്യവസായി സമിതി കടയ്ക്കൽ ഏരിയ കമ്മിറ്റി എന്നിവരുടെ വഴിപാടായാണ് സംഗീത പരിപാടി നടത്തിയത്.
അലോഷിയുടെ പാട്ട് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിച്ചതോടെ വിമർശനമായി. പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തി. അതേസമയം ക്ഷേത്ര ഉത്സവ കമ്മിറ്റി വിപ്ലവഗാനം നിർബന്ധിച്ച് പാടിപ്പിച്ചിട്ടില്ലെന്നും സദസ്സിൽ നിന്ന് ആവശ്യപ്പെട്ടപ്പോൾ അലോഷി പാടിയതാണെന്നുമാണ് ഉത്സവ കമ്മിറ്റി ഭാരവാഹികളുടെ വിശദീകരണം. മുൻപ് നവകേരള സദസ്സിന് വേണ്ടി ക്ഷേത്ര മൈതാനം വിട്ടു നൽകിയത് വിവാദം ആവുകയും കോടതി ഇടപെടൽ വന്നതോടെ ഒഴിവാക്കുകയും ചെയ്തിരുന്നു.
