ശാസ്താംകോട്ട. ശുദ്ധജലതടാകത്തിന്‍റെ മനോഹാരിത ആസ്വദിക്കാന്‍ ഇങ്ങോട്ടുപോരു എന്ന് ക്ഷണിക്കുന്നത് പടിഞ്ഞാറേകല്ലട ഗ്രാമ പഞ്ചായത്ത് ആണ്. തടാകത്തിന്‍റെ ശുദ്ധത നിലനിര്‍ത്താന്‍ ഇന്‍ഡോ നോര്‍വീജിയന്‍ പദ്ധതിയില്‍ 1964-65 കാലഘട്ടത്തില്‍ നിര്‍മ്മിച്ച ബണ്ട് ഇനി ടൂറിസം വരുന്ന വഴിയാകും. പടിഞ്ഞാറേകല്ലട ശാസ്താംകോട്ട പഞ്ചായത്തുകളെ വേര്‍തിരിക്കുന്ന ബണ്ട് ബ്ളോക്കുകള്‍ നിരത്തി അതിനു ചേര്‍ന്ന് ഇരിപ്പിടങ്ങളും ലൈറ്റുകളും പൂന്തോട്ടങ്ങളും സ്ഥാപിക്കുന്ന പരിപാടി ആരംഭിച്ചതായി ഡോ. സി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

കൊല്ലം തേനി ദേശീയ പാതയില്‍നിന്നും പരിസരപ്രദേശങ്ങളില്‍നിന്നും ടൂറിസ്റ്റുകള്‍ക്ക് ഇവിടം സന്ദര്‍ശിച്ച് സമയം ചിലവിടാനും തടാകത്തിന്‍റെ മനോഹാരിത ആസ്വദിക്കാനും പറ്റിയ പദ്ധതിയാണ് ഒരുങ്ങുന്നത്. സോളാര്‍ പവറില്‍ പ്രവര്‍ത്തിക്കുന്ന ബോട്ടുകള്‍ക്ക് പഞ്ചായത്ത് ക്വട്ടേഷന്‍ വിളിക്കും. കാലങ്ങളായി പറഞ്ഞുകേള്‍ക്കുന്ന ശാസ്താംകോട്ട ടൂറിസത്തിന്‍റെ ആദ്യ ചുവടുവയ്പായി ഈ പദ്ധതി ശ്രദ്ധിക്കപ്പെടുമെന്ന് ഉറപ്പാണ്.

ചുറ്റും കാട് മൂടി സാമൂഹ്യ വിരുദ്ധരുടെ വിഹാരകേന്ദ്രമായി മാറിയിരുന്ന കായൽ ബണ്ട് റോഡിന് പുതുമുഖം നൽകാൻ പടിഞ്ഞാറേക്കല്ലട ഗ്രാമപഞ്ചായത്ത് മുന്നിട്ടിറങ്ങുകയായിരുന്നു. ടൂറിസം ഡിപ്പാർട്ട് മെൻ്റ്, മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതി, മുൻ എം.പി.കെ.സോമപ്രസാദിൻ്റെ പ്രാദേശിക വികസന ഫണ്ട് എന്നിവയിൽ നിന്നും രണ്ട് കോടി രൂപ ചിലവഴിച്ചാണ് ഒന്നര കിലോമീറ്റർ ദൂരത്തിൽ കായൽ തീര സംരക്ഷണ പദ്ധതി നടപ്പാക്കുന്നത്.പദ്ധതിയുടെ ആദ്യ ഘട്ടമായി തടാകതീരത്ത് 38 സി.സി.ക്യാമറകൾ സ്ഥാപിച്ചു. ബണ്ട് റോഡിൽ തറയോടുകൾ സ്ഥാപിക്കുന്നത് യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. തടാകതീരത്ത് ഔഷധ കൃഷിത്തോട്ടം, കുട്ടികൾക്കും വയോജനങ്ങൾക്കുമായി പാർക്ക്, ഹെറിറ്റേജുകൾ തുടങ്ങിയവ പദ്ധതിയുടെ ഭാഗമാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഡോ.സി.ഉണ്ണികൃഷ്ണൻ പറഞ്ഞു. തടാക ബണ്ടു റോഡിൻ്റെ മറ്റു ഭാഗങ്ങൾ ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തിൻ്റെ പരിധിയിലാണ്.ഇവിടെ കൂടി നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിച്ചാൽ കൊല്ലത്തിൻ്റെ ടൂറിസം ഭൂപടത്തിൽ ശാസ്താംകോട്ട കായലും ഇടം നേടും. ഇതിനായുള്ള കാത്തിരിപ്പിലാണ് പടിഞ്ഞാറേക്കല്ലട പഞ്ചായത്ത് നിവാസികൾ..
ശാസ്താംകോട്ട അമ്പലക്കടവില്‍ ജില്ലാ പഞ്ചായത്തിന്‍റെ സൗന്ദര്യവല്‍ക്കരണം അവസാനഘട്ടത്തിലാണ്. ഏറ്റവുമേറെ വിനോദസഞ്ചാരികള്‍ എത്തുന്ന തീരമാണിത്.