കരുനാഗപ്പള്ളി. പാവുമ്പ കൈരളി മുക്കിന് സമീപമുള്ള വീട്ടിൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 23 ലിറ്റർ വ്യാജമദ്യവും 57 ലിറ്റർ വിദേശ മദ്യവും ഉൾപ്പെടെ 80 ലിറ്റർ മദ്യം പിടികൂടി. പാവുമ്പ വടക്ക് വൃന്ദാവനം വീട്ടിൽ വിജയൻ (39)
ആണ് പിടിയിലായത്. കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ
ലതീഷ് എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി റേഞ്ചിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ
കെ ജി രഘുവും പാർട്ടിയും ചേർന്ന് നടത്തിയ റെയ്ഡിലാണ് മദ്യ ശേഖരം പിടികൂടിയത്. ഉച്ച സമയത്ത് ഇയാൾ മദ്യം കച്ചവടം ചെയ്തു കൊണ്ട് നിൽക്കുന്ന സമയത്ത് എക്സൈസ് പാർട്ടി വരുന്നത് കണ്ടു ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ പിടികൂടുകയായിരുന്നു. ചെറിയ കുപ്പികളിലാക്കി വിൽപ്പനയ്ക്കായി ശരീരത്തിൽ സൂക്ഷിച്ചിരുന്ന വ്യാജ മദ്യം കണ്ടെടുത്തു. തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വ്യാജ മദ്യം ഉൾപ്പെടെ മദ്യ ശേഖരം കണ്ടെടുത്തത്. വിദേശത്ത് ജോലിയുണ്ടായിരുന്ന ഇയാൾ കോവിഡ് കാലത്ത് നാട്ടിൽ തിരിച്ചെത്തിയ ശേഷം മദ്യ വില്പനയിൽ ഏർപ്പെടുകയും നേരത്തെ കേസിൽ പെടുകയും ചെയ്തിട്ടുള്ള ആളാണ്.റെയ്ഡ് പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ രാജി എസ് ഗോപിനാഥ്, ഹരിപ്രസാദ്, കിഷോർ, ജിനു തങ്കച്ചൻ, അൻസർ എന്നിവർ പങ്കെടുത്തു