കൊല്ലം നഗരത്തിലെ മോഷണം; ഒടുവില്‍ പ്രതികള്‍ പിടിയില്‍

Advertisement

കൊല്ലം: കൊല്ലം നഗരത്തിലെ മോഷണ പരമ്പരയില്‍ പ്രതികള്‍ പോലീസ് പിടിയിലായി. മയ്യനാട് ധവളക്കുഴി സുനാമി ഫ്‌ലാറ്റ് നമ്പര്‍-18ല്‍ ലാലു (30), കൊല്ലം വെസ്റ്റ് പള്ളിത്തോട്ടം ചേരിയില്‍ സെഞ്ചുറി നഗര്‍-55ല്‍ സനില്‍ (26) എന്നിവരാണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ 9-ാം തീയതി രാത്രിയിലായിരുന്നു കൊല്ലം ആണ്ടാമുക്കം റോഡിലുള്ള ഹാര്‍ഡ്വെയര്‍ കടയില്‍ മോഷണം നടന്നത്. പുലര്‍ച്ചയോടുകൂടി പ്രതികള്‍ കടയിലെത്തി കടയില്‍ പൈസ സൂക്ഷിക്കുന്നതിനായി ഉപയോഗിച്ചിരുന്ന അലമാരയും മേശയും കുത്തിതുറന്ന് ഉദ്ദേശം മൂന്ന് ലക്ഷം രൂപയോളം മോഷണം ചെയ്തുകൊണ്ട് പോകുകയായിരുന്നു.
8-ാം തീയതി രാത്രിയിലായിരുന്നു കുമാര്‍ ജംഗ്ഷനിലുള്ള ഫാന്‍സി കടയില്‍ മോഷണം നടന്നത്. മേശയിലും മറ്റും സൂക്ഷിച്ചിരുന്ന ഉദ്ദേശം എട്ടു ലക്ഷത്തോളം രൂപ അവിടെ നിന്നും മോഷണം പോയിരുന്നു. തുടര്‍ന്ന് ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. കൊല്ലം ഈസ്റ്റ് സിഐ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി നിരവധി സിസിടിവി ദൃശ്യങ്ങളും ഫോണ്‍ കോളുകളും പരിശോധിച്ചു.
നഗരത്തിനുളില്‍ നടന്ന മോഷണത്തില്‍ പ്രതികളെ പിടികൂടാത്തതില്‍ വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ വ്യാപക പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ഇതിനിടയിലാണ് പ്രതികള്‍ അറസ്റ്റിലായത്. പ്രതികള്‍ കടകളും അതില്‍ കയറാനുള്ള വഴികളും നേരത്തെ കണ്ട് വച്ച ശേഷം കവര്‍ച്ച നടത്തുകയായിരുന്നു. ഈസ്റ്റ് സിഐയെ കൂടാതെ എസ്‌ഐ സുമേഷ്, സിപിഒമാരായ അജയന്‍, ജയകൃഷ്ണന്‍, ഷൈജു, അനു എന്നിവരും അന്വേഷണ സംഘത്തില്‍ ഉള്‍പെട്ടിരുന്നു. പ്രതികള്‍ നേരത്തെ മോഷണ കേസില്‍ ഉള്‍പെട്ടിട്ടുള്ളവര്‍ ആണെന്നും അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും കൊല്ലം എസിപി എസ്. ഷെറീഫ് പറഞ്ഞു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here