നിരവധി ക്രിമിനല്‍ കേസ്സുകളിലെ പ്രതി വധശ്രമ കേസ്സില്‍ അറസ്റ്റില്‍. വീട്ടില്‍ അതിക്രമിച്ച് കടന്ന് ഗൃഹനാഥനെ കൊടുവാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ ചാത്തന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
അയിരൂര്‍, ഇടവ താഹ മന്‍സിലില്‍ മുഹമ്മദ് ഷാന്‍(26) ആണ് അറസ്റ്റിലായത്. വെളിച്ചിക്കാല സ്വദേശി താജുദ്ദീനെയാണ് ഇയാള്‍ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചത്. താജുദ്ദീന്റെ ഭാര്യയുമായി തൊഴില്‍ സ്ഥലത്തുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ശനിയാഴ്ച രാത്രി 10ന് വെളിച്ചിക്കാലയിലുള്ള താജുദ്ദീന്റെ വീട്ടില്‍ മാരകായുധവുമായി അതിക്രമിച്ച് കയറിയ പ്രതി താജുദ്ദീനെയും ഭാര്യയേയും വെട്ടികൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
അയിരൂര്‍, പാരിപ്പള്ളി തുടങ്ങിയ സ്റ്റേഷനുകളില്‍ പിടിച്ചുപറി, അടിപിടി തുടങ്ങി നിരവധി കേസ്സുകളില്‍ പ്രതിയാണ് മുഹമ്മദ് ഷാന്‍. ചാത്തന്നൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ അനൂപിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ബിജുബാല്‍, വിനു, രാജേഷ്, സി.പി.ഒ മാരായ പ്രശാന്ത്, ആന്റണിതോബിയാസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.